തൃശൂർ: നിരവധി ക്രിമിനൽ -അബ്കാരി കേസുകളിലും ഗുണ്ടാ ആക്രമണങ്ങളിലും ഉൾപ്പെട്ട പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ.
മറ്റത്തൂർ ഒന്പതുങ്ങൽ സ്വദേശി വട്ടപ്പറന്പിൽ കരിമണി എന്നറിയപ്പെടുന്ന ബിനീത്, ഇയാളുടെ സഹായിയും ടെലിഫിലിം അഭിനേതാവുമായ വെള്ളിക്കുളങ്ങര മോനൊടി സ്വദേശി ചെഞ്ചേരിവളപ്പിൽ അരുണ്‍ എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസും സ്പെഷൽ സ്ക്വാഡും ചേർന്നു പിടികൂടിയത്.
ഇരിങ്ങാലക്കുട ഒതുക്കുങ്ങൽ മാങ്കുറ്റിപ്പാടത്തുവച്ചാണ് ബൈക്ക് സഹിതം ഇവർ പിടിയിലായത്. വില്പനയ്ക്കു കൊണ്ടുപോയിരുന്ന ഒന്നരകിലോ കഞ്ചാവും ഇവരിൽനിന്നു പിടിച്ചെടുത്തു.
ജില്ലയിലെ ആൾസഞ്ചാരം കുറവുള്ള വിജനമായ ഉൾപ്രദേശങ്ങളിൽ മയക്കുമരുന്നു വില്പന സജീവമാകുന്നതായി എക്സൈസ് ഇന്റലിജൻസിനു വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
കോടാലി പെട്രോൾ പന്പിൽ വച്ച് ഒരാളെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ബിനീത് പ്രതിയാണ്.
തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കഞ്ചാവു വില്പനയിലേക്കു തിരിയുകയായിരുന്നു. ഷോർട്ട്ഫിലിം, ടെലിഫിലിം മേഖലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് അരുണ്‍.
“മാങ്ങാണ്ടി’ എന്ന ടെലിഫിലിമിലെ അഭിനയത്തിനു വർഷങ്ങൾക്കുമുൻപ് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
അന്നുതൊട്ട് അരുണ്‍ മാങ്ങാണ്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാളും മുന്‍പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കരിമണി ബിനീതിന്റെ ഏജന്റായി കൊടകര, കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളിൽ അരുണ്‍ കഞ്ചാവുവില്പന നടത്തിവരികയായിരുന്നു.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കരിമണി കഞ്ചാവ് എത്തിക്കുന്നതെന്ന് ഇന്റലിജൻസിനു വിവരം ലഭിച്ചിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ്, ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ്കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. മണികണ്ഠൻ, ഇന്റലിജൻസ് ഓഫീസർമാരായ കെ.എസ്. ഷിബു, ഒ.എസ്. സതീഷ്കുമാർ, ഒ.എ. മോഹനൻ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജിന്റോ ജോണ്‍, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് ബാബു, റിജോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.