മുംബൈ: നാലു വർഷത്തെ ജയിൽ ജീവിതത്തിനുശേഷം പുറത്തിറങ്ങിയെങ്കിലും സമൂഹത്തെ നേരിടാൻ പേടിയാണെന്ന് ആരുഷി വധക്കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട തൽവാർ ദന്പതികൾ. ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തൽവാർ ദന്പതികൾ തങ്ങളുടെ ആശങ്കകൾ തുറന്നുപറഞ്ഞത്.
ദീർഘകാലത്തേക്കു ജയിലിൽ അടയ്ക്കപ്പെട്ടശേഷം പെട്ടെന്നു സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങുകയാണ്. പുറത്ത് ധാരാളം ആളുകളെ കാണുന്നു. എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കു തിരിയുന്നു. ആളുകൾക്കു മുഖംകൊടുക്കുക, ലോകത്തെ നോക്കി കാണുക, തങ്ങളുടെ ലോകത്തിലേക്കു തിരിച്ചുപോകുക, സമൂഹത്തിലേക്കു തിരിച്ചുപോകുക എന്നിവയൊക്കെ പേടിപ്പെടുത്തുന്നു. അത് ബുദ്ധിമുട്ടാണ്, എന്നാൽ സമയമെടുത്ത് പഠിക്കാൻ സാധിച്ചേക്കും- രാജഷ്േ തൽവാർ പറയുന്നു.
2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടർമാരായ രാജേഷ്-നൂപുർ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസിൽ കണ്ടെത്തി.
കേസിൽ 2013 നവംബർ 28ന് പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരേ നൽകിയ അപ്പീലിലാണ് സാഹചര്യത്തെളിവുകളുൾപ്പെടെ ഒന്നും പ്രതികൾക്കെതിരേ നിലനിൽക്കില്ലെന്നു കണ്ടെത്തി ഹൈക്കോടതി തൽവാർ ദന്പതിമാരെ വെറുതേ വിട്ടത്.