പള്ളിക്കത്തോട്: പാറക്കെട്ടുകളിലൂടെ പളുങ്കുമണിപോലെ ചിതറിവീഴുന്ന ജലകണങ്ങൾ.
പതഞ്ഞൊഴുകുന്ന അരുവിയിൽ പ്രകൃതി നിക്ഷേപിച്ച കല്ലുകളിൽ ഇരുന്നും വെള്ളത്തിൽ ഇറങ്ങിയും കുളിച്ചും ആർത്തുല്ലസിക്കാൻ കുടുംബങ്ങൾ പ്രായഭേദമെന്യേയെത്തുന്നു.
കോട്ടയം നഗരത്തിൽനിന്നു 18 കിലോമീറ്റർ മാത്രം ദൂരെ പള്ളിക്കത്തോട് പഞ്ചായത്തിലാണ് കണ്ണുകളെ പുളകമണിയിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം.
ഈ സുന്ദര കാഴ്ച കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയത്.
സ്വച്ഛസുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിലുള്ള വെള്ളച്ചാട്ടം തീർത്തും അപകടരഹിതമാണെന്നതു കുടുംബങ്ങളെ ഇങ്ങോട്ടു കൂടുതൽ ആകർഷിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ മനോഹരമായ പടവുകളും തോടിനു കുറുകെയുള്ള പാലവുമെല്ലാം സഞ്ചാരികൾക്കു പുതിയ അനുഭവമേകുന്നു.
അതുകൊണ്ടുതന്നെ ഒരിക്കൽ അരുവിക്കുഴിയിൽ വന്നവർ വീണ്ടും വീണ്ടും ഇവിടെയെത്തും.
കല്യാണ ആൽബങ്ങളുടെയും ഷോർട്ട് ഫിലിമുകളുടെയും സ്ഥിരം വേദിയായി അരുവിക്കുഴി മാറിയിട്ടുണ്ട്.
വ്യത്യസ്തമായ ഫ്രെയിമുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നത് പ്രത്യേകതയായി കാമറമാൻമാർ ചൂണ്ടിക്കാണിക്കുന്നു.
വർഷങ്ങൾക്കു മുന്പേ സൂപ്പർ സ്റ്റാറുകളുടെ സിനിമയിൽ പേരുപറയാതെ വന്നുപോയിട്ടുള്ള അരുവിക്കുഴിയെ ടൂറിസം ഭൂപടത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരാണ്.
പിന്നാലെ വന്ന എൽഡിഎഫ് സർക്കാരും അരുവിക്കുഴിയിൽ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താൻ ഉത്സാഹിച്ചു.
കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ വളർച്ചയുടെ പുതുപടവുകൾ കയറാനുള്ള ഒരുക്കത്തിലാണ് അരുവിക്കുഴി.
കുട്ടികൾക്കായുള്ള പാർക്കും സ്നാക്ക് പാർലർ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനായി ഒരു കോടി രൂപയുടെ മൂന്നാംഘട്ട പദ്ധതി സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ഉടൻ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ പറഞ്ഞു.