കോട്ടയം: മഴയെത്തിയതോടെ അരുവിക്കുഴി വെള്ളച്ചാട്ടത്തിനു സൗന്ദര്യമേറി. ലോക്ക് ഡൗണ്‍ കാലത്തും വെള്ളച്ചാട്ടം കാണുവാനായി ആളുകൾ എത്തിത്തുടങ്ങി. മഴ ശക്തമായതോടെ വെള്ളത്തിന്റെ ഒഴുക്കും ശക്തിയും വർധിച്ചു.
ഇതോടെ കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പതച്ച് ചാടുന്ന വെള്ളച്ചാടം കാഴ്ചക്കാരുടെ മനം കവരുകയാണ്. നഗരത്തിന്റെ തിരക്കിൽനിന്ന് ഒഴിഞ്ഞയിടത്ത് സ്വസ്ഥമായി ആസ്വദിക്കാമെന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. കോട്ടയത്തുനിന്ന് 22 കിലോമീറ്റർ മാറി പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം.
പള്ളിക്കത്തോട്ടിലെ രണ്ടു തോടുകൾ ഒഴുകി പള്ളിക്കത്തോട് ടൗണിനു സമീപം ഒന്നിക്കുന്നു. ഇത് അരുവിക്കുഴിയിലെത്തുന്പോൾ സുന്ദരമായ വെള്ളച്ചാട്ടമാകുന്നു.
വെള്ളച്ചാട്ടം തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ പ്രദേശം ഏറ്റെടുത്ത് സൗന്ദര്യവത്കരണം നടത്തിയത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ ആസ്വദിക്കാനായി കൽപ്പടവുകളും ഇപ്പോൾ മനോഹരമായ തൂക്കുപാലവും ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണുവാനായി നൂറോളം പടികളും മഴയും വെയിലും കൊള്ളാതിരിക്കാനായി വാച്ച് ടവർ, ഹാൻഡ് റെയിലുകൾ, ഇരിപ്പടങ്ങൾ എന്നിവയും തേടിന്റെ ഇരുവശങ്ങളിലുമായി ഒരുക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് കൂടുതൽ വിശ്രമിക്കാനുള്ള കേന്ദ്രങ്ങളും ടോയ്ലറ്റ് സൗകര്യവും കോഫി ഷോപ്പും ഉടൻ തുടങ്ങാനാണ് ഡിടിപിസിയുടെ തീരുമാനം. 10 രൂപ എൻട്രൻസ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്ന ഡിടിപിസി ടൂറിസ്റ്റ് ഗൈഡിനെയും നിയോഗിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എങ്കിലും റോഡിനിരവശത്തുനിന്ന് വെള്ളച്ചാട്ടം കാണുവാനായി ധാരാളം പേർ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. കോട്ടയത്തുനിന്ന് കെകെ റോഡിലൂടെ പാന്പാടിയിൽ എത്തി കൂരോപ്പട വഴി പള്ളിക്കത്തോട് റോഡിൽ എട്ടുകിലോമീറ്ററും.
കൊടുങ്ങൂരിൽനിന്ന് ഏഴ് കിലോമീറ്ററും പാലായിൽനിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാൽ അരുവിക്കുഴിയിലെത്താം.