ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുമായി ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് ഇഡി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അദ്ദേഹത്തെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാൽ, ഏതു സാഹചര്യവും നേരിടാൻ പാർട്ടി തയാറാണെന്ന് എഎപി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവർ പറഞ്ഞു.
എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ചോദ്യംചെയ്യുന്നതിനായി ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കേജരിവാൾ ഹാജരായിരുന്നില്ല. തിരക്ക് ചൂണ്ടിക്കാട്ടിയാണു ഹാജരാകാതിരുന്നത്.
ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്നു നേരത്തെ കേജരിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പു കേജരിവാളിനെ ഈ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.