കേരളത്തില്‍ എവിടെയും ഏതു സമയത്തും തനിക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമില്ലെന്നും അക്കാര്യത്തില്‍ രാത്രിയും പകലും തനിക്ക് ഒരു പോലെയാണെന്നും നടിയും അവതാരകയുമായ ആര്യ. തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ വിവരം അറിയുമെന്നും താരം വ്യക്തമാക്കി. എല്ലാം മനസിന്റെ ശക്തി അനുസരിച്ചിരിക്കുമെന്നും പേടി തോന്നിപ്പോയാല്‍ പിന്നെ സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിക്കുമെന്നും ബഡായി ബംഗ്ലാവ് താരം പ്രതികരിച്ചു.
മുകേഷും രമേഷ് പിഷാരടിയും ശ്രദ്ധേയമാക്കിയ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പേരെടുത്ത ആര്യ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരായ പീഡനം ഏറിക്കൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്നും ആണ്‍തുണ ഇല്ലാതെ വിജയം വരിച്ച സ്ത്രീകള്‍ ധാരാളമുണ്ടെന്നും ആര്യ പറയുന്നു.
ധൈര്യം ഓരോരുത്തരുടെ മാനസീകാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും അതിനാല്‍തന്നെ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ പറയുന്നു. നേരത്തേ തന്റെ കരിയറിനെയും ജീവിതത്തെയും ഒരു സുഹൃത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആര്യയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ താന്‍ ഏറെ വിശ്വസിച്ച ആളില്‍ നിന്നാണ് ഈ തിരിച്ചടി കിട്ടിയതെന്നും അന്ന് ആര്യ പറഞ്ഞിരുന്നു.