സൗത്ത് ഇന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ചാ വിഷയമായ ഒന്നാണ് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ. ഷോയില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥിയെ നടന് ആര്യ വിവാഹം ചെയ്യുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ അവസാന റൗണ്ടില്‍ ആര്യ റിയാലിറ്റി ഷോയില്‍ നിന്ന് പിന്മാറിയത് ഏറെ വിവാദമായിരുന്നു.
അതുപോലെതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന അബര്‍നദി ഷോയില്‍ നിന്ന് ഔട്ടായതും ചര്‍ച്ചയായിരുന്നു. മത്സരത്തില്‍ നിന്ന് പുറത്തായെങ്കിലും തനിക്ക് ആര്യയെ മറക്കാന്‍ സാധിക്കില്ലെന്നും ആര്യയെ തന്നെ താന്‍ വിവാഹം ചെയ്യുമെന്നും അബര്‍നദി അഭിമുഖങ്ങളില്‍ പറയുകയും ചെയ്തിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അബര്‍നദി, ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്, തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ്.
സിനിമയില്‍ എത്ര തിരക്കേറിയാലും താന്‍ ആരാധകര്‍ക്ക് നല്കിയ വാക്കില്‍ മാറ്റമില്ലെന്ന് പറഞ്ഞ് അബര്‍നദി വീണ്ടുമെത്തിയിരിക്കുകയാണ്. ഷോ കഴിഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. കുറച്ചു തൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല.
ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം. അബര്‍നദി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അബര്‍നദി ഇക്കാര്യം വ്യക്തമാക്കിയത്.
വസന്തബാലന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്.