ജീവിത പങ്കാളിയെ കണ്ടെത്താനായി നടന് ആര്യ നടത്തി വരുന്ന റിയാലിറ്റി ഷോ പലരീതിയിലും വിവാദത്തിലായിരുന്നു. ലൗ ജിഹാദിന്റെ ഭാഗമാണെന്നും നമ്മുടെ സംസ്കാരത്തിന് എതിരാണെന്നുമെല്ലാം ഈ പരിപാടിയെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴെല്ലാം ആര്യ മൗനം പാലിക്കുകയായിരുന്നും. എന്നാല്‍ പ്രതിഷേധം കനത്തതോടെ എന്തുകൊണ്ട് താന്‍ ഇങ്ങനെയൊരു റിയാലിറ്റി ഷോ നടത്തുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന് ആര്യ.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലേക്കെത്താനുള്ള കാരണം ആര്യ വെളിപ്പെടുത്തിയത്. പലരും പല വഴിക്കാണ് ഭാവി വധുവിനെ കണ്ടെത്തുക. മാട്രിമോണിയല്‍ സൈറ്റിലൂടെ, ഓഫീസില്‍ വച്ച്, സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന് അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് തോന്നി ജീവിതത്തിന്റെ പല മേഖലയിലുള്ള ആളുകളെ കണ്ടു മുട്ടാന്‍ സാധിക്കുന്ന സാമൂഹിക മാധ്യമമാണ് ഒരാളെ കണ്ടെത്താന്‍ ഏറ്റവും മികച്ചതെന്ന്. ഓരോ ദിവസവും നമ്മള് എത്രയാളുകളെയാണ് കാണുന്നത്.
അങ്ങനെയാണ് ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇടുന്നതും ഇത്തരം ഒരു ഷോയുടെ ഭാഗമാകുന്നതും. ഇത്രയും നാള് എനിക്ക് ചേര്‍ന്ന ഒരു പങ്കാളിയെ കണ്ടെത്താന്‍ തന്നെയാണ് ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇന്നുവരെ അതിന് സാധിച്ചിട്ടില്ല. എനിക്ക് വിവാഹത്തില്‍ താല്പര്യമില്ലാതെയല്ല. വര്‍ഷങ്ങളായി എനിക് ചേര്‍ന്ന ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ ഇതുവരെ ഒന്നും നടന്നില്ല. അതുകൊണ്ടാണ് ഞാനിതിന് തുനിഞ്ഞിറങ്ങിയത്.
റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അവരെ ഓരോരുത്തരെയും നന്നായി മനസിലാക്കി എനിക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കിപ്പോള്‍ ഒരു ഉറപ്പും നല്‍കാനാകില്ല. ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടി ഇല്ലല്ലോ. ഇതും അതുപോലെ തന്നെ.
ഇത്തരമൊരു പരിപാടിയിലൂടെ ഇത്രയും പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് എനിക്ക് ചേര്‍ന്നൊരാളെ കണ്ടു പിടിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പ്രധാന കാരണം എന്തെന്നാല്‍ അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ് അവരെല്ലാം എന്റെ ഉളില്‍ കയറി പറ്റാനുള്ള ശ്രമത്തിലുമാണ്. ഒരുപാടു വിഷയങ്ങളുണ്ട്. ഞാനവരുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരി ഇതൊരു റിയാലിറ്റി ഷോ ആണ്. അതുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചിന്തിക്കേണ്ടതുണ്ട്.
എന്റെ സുഹൃത്തുക്കളെല്ലാം എന്റെ സഹായത്തിനുണ്ട്. കാരണം എനിക്കെന്ത് ഇഷ്ടപെടും എന്ത് ഇഷ്ടമല്ല എന്ന് അവര്‍ക്ക് നന്നായറിയാം. മാത്രമല്ല ഈ വിഷയത്തില്‍ ഒറ്റയ്ക്കൊരു തീരുമാനമെടുക്കാന്‍ എനിക്കാവില്ല. അതിനാല്‍ അവരെല്ലാം എന്നോടൊപ്പമുണ്ട്. അതുപോലെ തന്നെ കുടുംബവും. അവര്‍ക്കെല്ലാം ഞാന്‍ അങ്ങനെയെങ്കിലും വിവാഹം കഴിക്കുമല്ലോ എന്ന ആശ്വാസമാണ്.’ ആര്യ വ്യക്തമാക്കി