ജീവിതത്തിലെ ഓരോ നിമിഷവും അപ്രതീക്ഷിതമായ സമ്മാനങ്ങളും അതുപോലെ തന്നെ ദുരന്തങ്ങളുമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് ജീവിതത്തിലെ സന്തോഷം തോന്നുന്ന ഓരോ നിമിഷവും കഴിയുന്നത്ര ആസ്വദിക്കാന്‍ ശ്രമിക്കണമെന്നും ഉപദേശിച്ച് നടിയും അവതാരകയുമായ ആര്യ.
ഒരു മാസത്തിന്റെ ഇടവേളയില്‍ നഷ്ടമായ അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മ പങ്കുവെച്ചുകൊണ്ടാണ് ആര്യ തന്റെ ആരാധകരോട് ഇക്കാര്യം പറഞ്ഞത്. പ്രീയപ്പെട്ടവരുടെ വേര്‍പാട് നല്‍കുന്ന ആഘാതം വളരെ വലുതാണെന്ന് പറയുന്ന ആര്യ, ഒപ്പമുള്ളപ്പോള്‍ അവര്‍ക്കു വേണ്ടി സമയം കണ്ടെത്തണമെന്നും അടുത്ത നിമിഷം നമ്മുക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഓര്‍മ്മിപ്പിക്കുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയത്.
ആര്യയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ…
‘ചിത്രത്തില്‍ എന്റെ അച്ഛന്‍ (നാലു ദിവസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി), എന്റെ സഹോദരന്‍ (ഒരു മാസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) ഏറ്റവും പ്രീയപ്പെട്ട അവര്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകള്‍. ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളില്‍ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.
ഒന്നു കണ്ണടച്ച് തുറക്കും മുന്‍പ് ജീവിതം എങ്ങനെയാണ് മാറിമറിഞ്ഞത്. ഇത് പ്രവചനാധീധമായിരുന്നു. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കൊരിക്കലും അറിയാന്‍ കഴിയില്ല. അതുകൊണ്ട് ഓരോ നിമിഷവും ജീവിക്കൂ. പിന്നില്‍ എന്ത് നടക്കുന്നുവെന്നോ, ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച് തല പുകയ്ക്കേണ്ട. ഇതാണ് ആ നിമിഷം, അത് ജീവിക്കൂ.
നിങ്ങളുടെ പ്രീയപ്പെട്ടവരെ അടുത്തേയ്ക്ക് ചേര്‍ത്തു പിടിക്കൂ. അങ്ങനെ ചെയ്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരില്ല. അവര്‍ ചുറ്റിലുമുണ്ടായപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെന്നത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല. മറ്റേതു നഷ്ടങ്ങളേക്കാള്‍ വേദനയായിരിക്കും ആ മുറിവില്‍ നിന്ന് നമ്മുക്ക് ഉണ്ടാവുക.’ ആര്യ കുറിച്ചു.