തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടാവുകയും തുടർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മാർഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു.
ഡ്രൈവർ യദുകൃഷ്ണനാണ് മേയർ ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കെതിരെയും സംഭവദിവസം പരാതി നൽകിയത്. മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് തങ്ങൾ ബസ് തടഞ്ഞിട്ടില്ലെന്നും റെഡ് സിഗ്നൽ ആയിരുന്നുവെന്നുമുള്ള മേയറുടെ വാദം പൊളിച്ച് കൊണ്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് ഇന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
അതേ സമയം യദുവിനെതിരെ മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ കെഎസ്ആർടിസി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സിഎംഡി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് സമർപ്പിക്കും.
യദുവിനെ പിരിച്ച് വിടാതെ താൽക്കാലികമായി മാറ്റി നിർത്തിയാൽ മതിയെന്ന തീരുമാനമാണ് വകുപ്പ് സ്വീകരിച്ചത്. ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറും അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ എടുത്ത് ചാടി ശിക്ഷാ നടപടികൾ കൈക്കൊള്ളില്ലെന്ന് വ്യക്തമാക്കിയിരുന്നു.