തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ.എ.റഹീം. സച്ചിന്‍ദേവ് ബസില്‍ കയറി ടിക്കറ്റ് ചോദിച്ചു. ശേഷം ബസ് ഡിപ്പോയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നും റഹീം പ്രതികരിച്ചു.
മേയറെ പിന്തുണയ്ക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എയെ വെട്ടിലാക്കിക്കൊണ്ടുള്ള റഹീമിന്റെ പ്രതികരണം. എന്നാല്‍ സച്ചിന്‍ദേവ് യാത്രക്കാരെ ബസിന്നിന്ന് ഇറക്കിവിട്ടില്ലെന്നും റഹീം പറഞ്ഞു.
മേയര്‍ ആര്യ രാജേന്ദ്രനെതിരേ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകള്‍.
തന്നെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് ഒരു സ്ത്രീ വെറുതെ പറയുമോയെന്ന് റഹീം ചോദിച്ചു. ചെറുപ്രായത്തില്‍ മേയര്‍ ആയിവന്ന ആര്യയെ അന്ന് മുതലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.