ഉദയംപേരൂർ : ചിരകാല സ്വപ്നം പൂവണിഞ്ഞു ആര്യ ലക്ഷ്മി ഇനി സ്വന്തം ഗ്രാമത്തിന്റെ ഡോക്ടർ.
ഉദയംപേരൂർ പത്താംകുഴിയിൽ മന്മഥൻ-പുഷ്പലത ദമ്പതികളുടെ മകളായ ഡോ. ആര്യ ലക്ഷ്മി മന്മഥൻ ഡോക്ടേഴ്സ് ദിനമായ ഇന്നലെ വീടിനു സമീപത്തെ ഗവ. ഫിഷറീസ് ആശുപത്രിയിലെ ഡോക്ടറായി ചുമതലയേറ്റു.
മഹാമാരിയുടെ കാലത്ത് നാടിന്റെ ആരോഗ്യം കാക്കുന്ന സേവകർക്കൊപ്പം കാവലാളായി ഇനി ഡോ. ആര്യ ലക്ഷ്മി മന്മഥനും ഉണ്ടാകും.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആര്യ ലക്ഷ്മി ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.
അവിടെതന്നെ ഹൗസ് സർജൻസിയും പൂർത്തീകരിച്ചശേഷം ആഗ്രഹിച്ചതു പോലെ സ്വന്തം ഗ്രാമത്തിൽ തന്നെ നിയമനം ലഭിച്ചു.
മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാർ താമസിക്കുന്ന പ്രദേശത്ത് സേവനമനുഷ്ഠിക്കുവാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഇതെന്റെ സ്വപ്നവുമായിരുന്നെന്ന് ആര്യ ലക്ഷ്മി പറഞ്ഞു. അനന്തകേശവ് ആണ് സഹോദരൻ.
സ്വന്തം ഗ്രാമത്തിലെ ഡോക്ടറായി ചുമതലയേൽക്കുവാനെത്തിയ ആര്യ ലക്ഷ്മിക്ക് നാട് വലിയ വരവേൽപ്പാണ് നൽകിയത്. എഐഎസ്എഫിന്റെ നേതൃത്വത്തിൽ ആര്യ ലക്ഷ്മിക്ക് സ്വീകരണം നൽകി.
നേതാക്കളായ അമൽ തിലക്, യദുകൃഷ്ണൻ, ആഷ്ലി ചന്ദ്രബോസ്, സാനിയ, അഞ്ജന മുരുകേഷ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. സിപിഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് പങ്കെടുത്തു.