തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തെങ്കിലും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.
ചോദ്യം ചെയ്യലിന് വീണ്ടും വിളിക്കുന്പോൾ ഹാജരാകണമെന്ന ഉപാധിയോടെ ഇന്നലെ രാത്രിയിലാണ് മൂന്ന് പേരെയും വിട്ടയച്ചത്. കണ്ടക്ടർ സുബിനും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവും പറഞ്ഞ കാര്യങ്ങളിലെ വ്യക്തത ഉറപ്പാക്കാൻ വൈകുന്നേരത്തോടെ യദുവിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിൽ മെമ്മറി കാർഡിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കണ്ടക്ടർ സുബിൻ മൊഴി നൽകിയത്.
തന്പാനൂർ ഡിപ്പോയിൽ എത്തിച്ച ബസിൽ നിന്നു മെമ്മറി കാർഡ് നഷ്ടമായതിൽ തനിക്ക് യാതൊന്നും അറിയില്ലെന്നാണ് സ്റ്റേഷൻ മാസ്റ്ററും മൊഴി നൽകിയത്. ഇന്നലെ രാവിലെ ആറോടെയാണ് കണ്ടക്ടർ സൂബിനെ വെന്പായത്തെ വീട്ടിൽ നിന്നു സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെ വിഴിഞ്ഞത്തെ വീട്ടിൽ നിന്നും തന്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് മെമ്മറി കാർഡ് മോഷ്ടിച്ച് നശിപ്പിച്ചെന്നാണ് ഇരുവർക്കുമെതിരേ കന്റോണ്മെന്റ് പോലീസ് കോടതി നിർദേശത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നത്.