തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
രാവിലെ പതിനൊന്ന് മണിയോടെ എകെജി സെന്ററില് വെച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം.
ഇരുവരുടേയും അടുത്ത ബന്ധുക്കളും പാര്ട്ടിയിലെ മുതിര്ന്ന നേതാക്കളും മാത്രമാണ് ചടങ്ങില് പങ്കെടുത്തത്.
നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്എയാണ് സച്ചിന്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്.
ബാലസംഘത്തില് ഇരുവരും ഒരുമിച്ച് പ്രവര്ത്തിക്കുമ്പോള് മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹ വാര്ത്ത പുറത്തറിയിച്ചത്.
ബാലസംഘം, എസ്എഫ്ഐ പ്രവര്ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര് ആകുന്നത്.
തിരുവനന്തപുരം ഓള് സെയിന്റ്സ് കോളജില് വിദ്യാര്ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്.
ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും മാതൃഭൂമി മുന് ജീവനക്കാരന് കാച്ചിലാട്ട് മണ്ണാരക്കല് നന്ദകുമാറിന്റെയും മെഡിക്കല് കോളജ് ഹൈസ്കൂള് അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിന് ദേവ്.
ദേവഗിരി സാവിയോ എച്ച്എസ്എസില്നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി. മെഡിക്കല് കോളജ് ക്യാമ്പസ് സ്കൂളിലായിരുന്നു പ്ലസ്ടു.
മീഞ്ചന്ത ഗവണ്മെന്റ് ആര്ട്സ് ആന്ഡ് സയന്സ് കോളേജില് നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില് ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട് ലോ കോളേജില് ചേര്ന്നു. 2019ല് അഭിഭാഷകനായി എന്റോള് ചെയ്തു.
എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചു.
ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരുദ പഠനകാലത്ത്കോളേജ് യൂണിയന് ചെയര്മാനുമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന് ദേവ് ബാലുശ്ശേരിയില് നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
ഇരുവരും വിവാഹിതരാവാന് പോകുന്നുവെന്ന വാര്ത്ത പുറത്തു വന്നതു മുതല് എന്നാണ് വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇരുവരുടെയും ആരാധകര്.
വിവാഹം ഉടനുണ്ടാവില്ലെന്നായിരുന്നു ആര്യ അന്നു പ്രതികരിച്ചത്. എന്നാല് ഇപ്പോള് പുറത്തു വരുന്ന വിവരം അനുസരിച്ച് വിവാഹം അടുത്ത മാസം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.