പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ യാത്രക്കാരിൽനിന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ട് വിവരങ്ങൾ തേടിയതായി അറിയുന്നു. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക് 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടി സിയിൽനിന്നു റിസർവേഷൻ ചാർട്ട് വരുത്തിയാണ് മന്ത്രി യാത്രക്കാരുമായി ബന്ധപ്പെട്ടത്.
ഡ്രൈവറെ പ്രകോപിച്ചത് കാർ യാത്രക്കാരാണെന്ന് ബസ് യാത്രക്കാർ അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല.കുറ്റാരോപിതരിൽനിന്നോ പരാതിക്കാരിൽനിന്നോ വിവരങ്ങൾ തേടാതെ ബസ് യാത്രക്കാരിൽനിന്നും മന്ത്രി യാഥാർഥ്യം മനസിലാക്കാൻ ശ്രമിച്ചത് കെഎസ്ആർടി സി ജീവനക്കാർക്കും പുതിയ അനുഭവം ആയി.
യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പരാതിയും യാത്രക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും സംഘവും ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിലും ഏറെ ചർച്ചാവിഷയമായി.
ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം.
പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു മുന്നിൽ കുറുകെ നിർത്തി. തുടർന്നു കാറിൽ നിന്നിറങ്ങിയ മേയർ ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. നാട്ടുകാർ കൂടി ഇടപ്പെട്ടതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കെഎസ്ആർടിസി ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ തന്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഡ്രൈവറെ പോലീസ് ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടു. ബസിനു കുറുകെ വാഹനം നിർത്തി ട്രിപ്പ് തടസപ്പെടുത്തിയെന്നു കാണിച്ച് ഡ്രൈവർ യദുവും മേയർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.