തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.
കത്തെഴുതിയത് താനല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം കൊണ്ടു വരാൻ സാധിക്കുകയുള്ളൂവെന്നും അതിനാൽ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
മേയറുടെ കത്തിന്റെ ഒറിജിനൽ ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തിന്റെ ഒറിജിനൽ കണ്ടെത്താത്തിനാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാവിയും വഴിമുട്ടിയേക്കും.
കത്ത് വിവാദത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഏറ്റെടുത്തത്.
കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.