തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കുമെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ പോലീസ് സാക്ഷികളുടെ മൊഴിയെടുക്കും. അടുത്ത ദിവസം മുതൽ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ കന്റോണ്മെന്റ് പോലീസ് ആരംഭിക്കും.
സംഭവസമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും സാക്ഷികൾ നിർദേശിക്കുന്ന സ്ഥലത്തെത്തിയാകും മൊഴി രേഖപ്പെടുത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
ഏറ്റവും ഒടുവിലാകും മേയർ ആര്യ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവിന്റെയും മൊഴിയെടുക്കുക. മേയർ നേരത്തെ യദുവിനെതിരെ നൽകിയ പരാതിയിൽ പോലീസ് മേയറിൽ നിന്നും എംഎൽഎയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.മേയർക്കും എംഎൽഎക്കുമെതിരേ കേസെടുക്കണമെന്ന് കാട്ടി കന്റോണ്മെന്റ് പോലീസിൽ യദു നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ മേയർ, എംഎൽഎ, ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഇന്നലെ കോടതി നിർദേശിച്ചിരുന്നു.
ഗുരുതര വകുപ്പുകൾ ചുമത്തിയാണ് മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ കന്റോണ്മെന്റ് പോലീസ് ഇന്നലെ രാത്രി കേസെടുത്തത്. മേയറും എംഎൽഎയും സ്വാധീനം ഉപയോഗിച്ച് ബസിലെ മെമ്മറി കാർഡ് നശിപ്പിച്ചതായും തെളിവ് നശിപ്പിച്ചതായും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിനു മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പ്രധാനമായും പരാതി കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയിൽ മേയർക്കും എംഎൽഎക്കുമെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ സിജഐം കോടതി ഉത്തരവിട്ടതിനു പിന്നാലെ നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുഗതാഗതത്തിനു തടസം സൃഷ്ടിക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്തായിരുന്നു കേസ്.