തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസിൽനിന്നും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ വെന്പായം സ്വദേശി സുബിനെയാണ് തന്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
രാവിലെ ആറിന് പോലീസ് സംഘം സുബിനെ വെന്പായത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ബസിൽ നിന്നും മെമ്മറി കാർഡ് കാണാതായതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ തന്പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി തന്പാനൂർ സ്റ്റേഷൻ മാസ്റ്ററെയും പോലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ തന്പാനൂർ പോലീസാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഡ്രൈവർ യദുവിൽനിന്നു തന്പാനൂർ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ സംശയമുണ്ടെന്ന് യദു പോലീസിനോടും മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. യദു കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, സഹോദര ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നീ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. മെമ്മറി കാർഡ് മേയറും എംഎൽഎയും സ്വാധീനം ഉപയോഗിച്ച് തട്ടിയെടുത്ത് നശിപ്പിച്ചെന്നാണ് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്.