തിരുവനന്തപുരം: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ.
പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്.
ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകുമെന്നും ആര്യ രാജേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം മേയറുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്.
സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക.
ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ.
പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്.
ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും.