മുന്മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം.
ഹൃദയ,ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില് പൊതുദര്ശനത്തിനു വയ്ക്കും. കബറടക്കം നാളെ രാവിലെ 9ന് നിലമ്പൂര് മുക്കട്ട വലിയ ജുമാ മസ്ജിദില്.
ആര്യാടന് ഉണ്ണീന്റേയും കദിയുമ്മയുടെയും ഒന്പത് മക്കളില് രണ്ടാമനായി 1935 മേയ് 15നാണ് ജനനം.ട്രേഡ് യൂണിയന് പ്രവര്ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.
1959ല് വണ്ടൂര് ഫര്ക്ക കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1969ല് മലപ്പുറം ജില്ല രൂപവല്ക്കരിച്ചപ്പോള് ഡിസിസി പ്രസിഡന്റായി. 1978മുതല് കെപിസിസി സെക്രട്ടറിയായി പ്രവര്ത്തിച്ചു.
1977ല് നിലമ്പൂരില് നിന്ന് നിയസഭയിലെത്തി. 1980ല് എ ഗ്രൂപ്പ് ഇടത് മുന്നണിയില്. പൊന്നാനിയില് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്ഷം എംഎല്എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില് വനം തൊഴില് മന്ത്രിയായി.
തുടര്ന്ന് ഉപതെരഞ്ഞെടുപ്പില് മുല്ലപ്പള്ളി രാമചന്ദ്രനെ തോല്പ്പിച്ചു. എന്നാല് 1982ല് ടി.കെ.ഹംസയോട് തോറ്റു. തുടര്ന്നിങ്ങോട്ട് 1987മുതല് 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം.
1995ല് ആന്റണി മന്ത്രിസഭയില് തൊഴില് ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മന്ചാണ്ടി മന്ത്രിസഭയില് വൈദ്യുതി മന്ത്രിയായിരുന്നു.
1980ല് തൊഴില് മന്ത്രിയായിരിക്കെ തൊഴില്രഹിത വേതനവും, കര്ഷക തൊഴിലാളി പെന്ഷനും നടപ്പാക്കി. 2005ല് വൈദ്യുതി മന്ത്രിയായിരിക്കെ ആര്ജിജിവൈ പദ്ധതിയില് മലയോരങ്ങളില് വൈദ്യുതി എത്തിച്ചു.
2011ല് മലബാറില് പ്രത്യേകിച്ച് മലപ്പുറം ജില്ലയില് വോള്ട്ടേജ് ക്ഷാമം പരിഹരിക്കാന് പദ്ധതികള് നടപ്പാക്കി. ഉള്വനത്തില് ആദിവാസികള് കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുന്കൈ എടുത്തു. കോണ്ഗ്രസ് നേതാവായ ആര്യാടന് ഷൗക്കത്ത് ഉള്പ്പെടെ നാലുമക്കളാണ് ആര്യാടന്-പി.വി മറിയുമ്മ ദമ്പതികള്ക്കുള്ളത്.
ആര്യാടന്റെ നിര്യാണത്തില് രാഷ്ട്രീയ രംഗത്തെ പ്രമുഖര് അനുശോചനം രേഖപ്പെടുത്തി. കോണ്ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന് മുഹമ്മദ് എന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. കോണ്ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഉമ്മന് ചാണ്ടി പ്രതികരിച്ചു.
രാഹുല് ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, സ്പീക്കന് എ. എന് ഷംസീര്,കെപിസിസി പ്രസിഡന്റ് കെ. സുധാകരന് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.