തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരേ കോൺഗ്രസ് നടപടിയെടുത്താൽ അദ്ദേഹത്തെ എൽഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടൻ ഷൗക്കത്തെന്നും അദ്ദേഹത്തിനെതിരേ കോൺഗ്രസ് നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നതുപോലെ പൊട്ടുമെന്നും എ.കെ. ബാലൻ പറഞ്ഞു.
ഇന്ന് ചേരുന്ന കെപിസിസി അച്ചടക്ക സമിതി ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യാനിരിക്കെയാണ് ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി സ്വാഗതം ചെയ്ത് എ.കെ. ബാലൻ രംഗത്തുവന്നത്.
അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് ഇന്ന് കെപിസിസി അച്ചടക്ക സമിതിക്കു മുന്പിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകുമെന്നും തനിക്ക് പറയാനുള്ളത് സമിതിക്ക് മുന്നിൽ പറയുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.
ഷൗക്കത്തിന്റെ വിശദീകരണം കേട്ട ശേഷമാകും കെപിസിസി തുടര്‍ നടപടികളിലേക്ക് കടക്കുക. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോകാനുള്ള സാധ്യത തീരെ കുറവാണ്.
പലസ്തീൻ ഐക്യദാർഢ്യ സംഗമം പാർട്ടി വിരുദ്ധമോ വിഭാഗീയ പ്രവർത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതേ നിലപാടുതന്നെ അച്ചടക്ക സമിതിക്കു മുന്നിലും ആവർത്തിച്ചേക്കും. ഷൗക്കത്തിനെതിരേ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദേശം. ഷൗക്കത്തിനെതിരേ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴും നേതൃത്വം അതിനു മുതിർന്നേക്കില്ലെന്നാണ് സൂചന.
ഷൗക്കത്തിനെതിരേ കടുത്ത നടപടികളിലേക്കു കടന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.