തെന്നിന്ത്യൻ താരം ആര്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശരീരത്തിലെ മസിലുകൾ പ്രദർശിപ്പിച്ച് ജിംനേഷ്യത്തിൽ നിൽക്കുന്ന തന്റെ ചിത്രമാണ് ആര്യ ട്വിറ്ററിൽ പങ്കു വച്ചത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താനെന്ന് ആര്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളുൾപ്പെടെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ, ശ്രിയ റെഡ്ഡി എന്നിവർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സൽപേട്ട പരന്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് ആര്യ മേക്ക് ഓവർ നടത്തുന്നത്.
വടക്കൻ ചെന്നൈക്കാരനായ ബോക്സറുടെ വേഷത്തിലാണ് പാ രഞ്ജിത് ചിത്രത്തിൽ ആര്യ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആര്യയുടെ മുപ്പതാമത്തെ ചിത്രമായിരിക്കും സൽപെട്ട പരന്പരൈ.