കോട്ടയം: മീനച്ചിലാറിന്റെ കയത്തിൽനിന്നു രക്ഷിച്ച് മെഡിക്കൽ കോളജിലേക്കുള്ള യാത്രയിൽ പോലീസ് ജീപ്പിന്റെ ഡ്രൈവർ നെജിക്ക് ഒന്നു മാത്രമേ പ്രാർഥയുണ്ടായിരുന്നു. തന്റെ വാഹനത്തിലുള്ള അതുല്യമോളുടെ ജീവൻ രക്ഷിക്കണമേയെന്ന്.
മെഡിക്കൽ കോളജിനു സമീപമെത്തിയപ്പോൾ മറ്റൊരുകാർ സൃഷ്ടിച്ച തടസത്തിലും തളർന്നില്ല. അതുല്യയെ കൈകളിൽ വാരിയെടുത്ത് നെഞ്ചോടുചേർത്തു മെഡിക്കൽ കോളജു ലക്ഷ്യമാക്കി നെജി പാഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ സിബു ഓരോവണ്ടിക്കും കൈകാണിക്കുന്നുണ്ടെങ്കിലും നിർത്താതെ പോകുകയായിരുന്നു.
നിരവധി വാഹനങ്ങൾ കടന്നുപോയതിനുശേഷമെത്തിയ ടവേറയിൽ മെഡിക്കൽ കോളജിലേക്ക്. ആശുപത്രിയുടെ മുന്നിൽനിന്നു കുട്ടിയുമായി ട്രെക്ചറിലേക്കും അത്യാഹിതവിഭാഗത്തിലേക്കുമുള്ള ഓട്ടത്തിലും അതുല്യയുടെ ജീവൻ തിരികെ കിട്ടുമെന്നുള്ള ഉറപ്പിലായിരുന്നു.
നിർഭാഗ്യവശാൽ ജീവൻപൊലിഞ്ഞ അതുല്യയുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടാനേ ഈ പോലീസുകാരനായുള്ളു. സഹോദരിയുടെ പ്രായംവരുന്ന അതുല്യയുടെ ജീവൻ പൊലിഞ്ഞതോടെ അയർക്കുന്നം സ്റ്റേഷനിലെ എസിപിഒയും പേരൂർ മന്നാമലയിൽ എം.പി. നെജിമോനു മറ്റൊന്നും ഓർക്കാനുമായില്ല.
മീനച്ചിലാറ്റിലെ ടാപ്പുഴ കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു ആറുമാനൂർ തെക്കേതൊട്ടിയിൽ സുകുമാരൻ-സുധ ദന്പതികളുടെ മകൾ ടി.എസ്. ആതുല്യമോൾ (16) കയത്തിൽ വീഴുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ആറ്റിൽനിന്നും കരയ്ക്കെത്തിച്ചശേഷം പോലീസ് ജീപ്പിൽ മെഡിക്കൽ കോളജിലേക്കുള്ള പോയത് നെജി ഓടിച്ച പോലീസ് ജീപ്പിലായിരുന്നു.
ആശുപത്രിയിലേക്കു കൊണ്ടുപോയ പോലീസ് ജീപ്പ് മെഡിക്കൽ കോളജിനുസമീപം സ്വകാര്യ ബസിനു പിന്നിലിടിക്കുകയായിരുന്നു. ബസിനു മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു നിർത്തിയതോടെ ബസ് ബ്രേക്ക് ചെയ്യുകയും ഇതിനു പിന്നിലുണ്ടായിരുന്ന പോലീസ് ജീപ്പ് വെട്ടിച്ചു മാറ്റുന്നതിനിടെ ബസിനു പിന്നിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും പോലീസ് ജീപ്പിൽ യാത്രതുടരാൻ നിർവാഹമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
മീനച്ചിലാറ്റിലെ ടാപ്പുഴ കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു ആതുല്യയും രണ്ടു കുട്ടികളും കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ ആറ്റിലെ കയത്തിൽ അകപ്പെട്ട അതുല്യയെ കാണാതായതോടെ കുടെയുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ആതുല്യയെ കരയ്ക്കെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അയർക്കുന്നം പോലീസ് ജീപ്പിൽ ആതുല്യയുമായി മെഡിക്കൽ കോളജിലേക്കു പാഞ്ഞു. നാട്ടുകാരനായ വിനീഷും പോലീസിനൊപ്പം ജീപ്പിലുണ്ടായിരുന്നു. യാത്രയ്ക്കിടെ പോലീസ് ജീപ്പ് ബസിനു പിന്നിലിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ആതുല്യയെ ഉടൻ തന്നെ പോലീസ് മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആതുല്യ ഏറ്റുമാനൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. സഹോദരങ്ങൾ ആര്യ, ആതിര. സംസ്കാരം പീന്നിട്.