‘അച്ഛാ … എനിക്ക് ഫുൾ എ പ്ലസാണ്… ’ കണ്ണീര് നനവുള്ള ഓര്‍മകളുമായി ആര്യ സന്തോഷം ചെവിയിൽ ചൊല്ലിയിട്ടും അത് കേൾക്കാനോ തിരിച്ചറിയാനോ ആകാതെ കിടക്കുകയാണ് ആ അച്ഛൻ. മുൻപെല്ലാം വിജയമാഘോഷിക്കാന്‍ ഓടിയെത്താറുള്ള അച്ഛന്, മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത് അറിയുന്നില്ല.
ആര്യയുടെ സന്തോഷത്തോടെയുള്ള വാക്കുകള്‍ അച്ഛന് തിരിച്ചറിയുന്നുമില്ല. അപകടത്തില്‍പ്പെട്ട് ഓര്മ നശിച്ച് അബോധാവസ്ഥയിലായ അച്ഛനെ ഉണര്‍ത്താൻ അവള് പറഞ്ഞുകൊണ്ടേയിരുന്നു. മലാപ്പറമ്പിലെ പി.ആര്. ആര്യ രാജാണ് മികച്ച വിജയത്തിലും സന്തോഷം മറന്ന് കണ്ണീരുമായി കഴിയുന്നത്.
ഡിസംബർ 25 ന് കോട്ടയത്ത് നടന്ന വിവാഹത്തില്‍ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ആര്യയുടെ അച്ഛൻ രാജന് ഓട്ടോ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയിൽ ചികിത്സയിൽ. രക്തസ്രാവം കൂടുകയും നീരുവയ്ക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്.
ഓര്മ തിരിച്ചു കിട്ടിയാലേ അത് തിരികെവയ്ക്കാനാവൂ. രാജന്റെ ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങള്‍തന്നെ ചെലവായി. വാടകവീട്ടില്‍ കഴിയുന്ന ഭാര്യക്കും മകള്‍ക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് മെക്കാനിക്കായ രാജന്. കോഴിക്കോട് പ്രോവിഡന്‍സ് ഗേൾസ് സ്കൂൾ വിദ്യാര്‍ഥിനിയായ ആര്യക്ക് അച്ഛന് പരിക്കേറ്റതിന് ശേഷം ഒന്നര മാസത്തോളം സ്കൂളില്‍ പോകാനോ, പഠിക്കാനോ സാധിച്ചിരുന്നില്ല.
എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അച്ഛന്റെ അടുത്തിരുന്ന് അവള് ഉറക്കെ വായിച്ചു പഠിച്ചു. രാജന്റെ ഓര്‍മയെ ഉണര്‍ത്താന്‍ മകളുടെ ശബ്ദത്തിന് സാധിക്കുമെന്നാണ് ഡോക്ടര്‍മാരും അമ്മ സബിതയും വിശ്വസിക്കുന്നത്. പരീക്ഷാഫലം എന്തെന്നറിയാനും ആര്യക്ക് താത്പര്യമുണ്ടായിരുന്നില്ല.
അബോധാവസ്ഥയിലുള്ള അച്ഛനെ പരിചരിക്കുന്നതിനിടെയാണ് ഫുൾ എ പ്ലസ് ലഭിച്ച വിവരം അറിഞ്ഞത്. അപ്പോൾ മുതൽ അവൾ അച്ഛന്റെ അരികിലെത്തി പറയാൻ തുടങ്ങിയെങ്കിലും രാജൻ പ്രതികരിച്ചില്ല. പ്രതീക്ഷയോടെയാണ് ആര്യയുടെ ഓരോ നിമിഷവും.
ഇന്നല്ലെങ്കില്‍ നാളെ അച്ഛൻ തന്റെ വിജയം അറിയുമെന്നും അച്ഛനെ ഉണര്‍ത്താൻ വേണ്ടി വിജയം ആവര്‍ത്തിക്കുമെന്നും ആര്യ പറഞ്ഞു. അതിനായി എൻട്രൻസ് കോച്ചിംഗിന് ചേർന്നിരിക്കയാണ് ഈ കൊച്ചുമിടുക്കി.