ഇരിട്ടി: ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തി. ശോഭയുടെ മക്കളായ ആര്യൻ (6), അമൃത (4) എന്നിവരെയാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തിയ വിവരം ഇരിട്ടി പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിർദേശപ്രകാരം എസ്ഐ അനിഷാദും സംഘവും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ശോഭയെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തിയ ശേഷം ഇരിട്ടിയിലെ പഴയ പാലത്തിനടുത്തുള്ള പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തിയ കാമുകനായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല നടത്തിയശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ശോഭയ്ക്ക് പുറമെ ശോഭയുടെ ഭർത്താവ് രാജുവിനെ ശോഭയുടെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഞ്ജുനാഥ്. ശോഭയുടെ മക്കളെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ, പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇവരെ ബാംഗളൂരുവിലേക്ക് ട്രെയിനിൽ കയറ്റിവിട്ടെന്നാണ് മൊഴി നൽകിയത്. തുടർന്ന് പോലീസ് കുട്ടികളുടെ ചിത്രം വച്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടയിലാണ് കുട്ടികളെ മുംബൈയിൽ കണ്ടെത്തിയിരിക്കുന്നത്.
മഞ്ജു നാഥ് ഇപ്പോൾ കണ്ണൂർ ജയിലിൽ റിമാൻഡിലാണ്. മഞ്ജുനാഥ് ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയാണ് മൂത്തമകൻ ആര്യൻ. കസ്റ്റഡിയിൽ എടുത്ത കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സിആർപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തും. ദൃക്സാക്ഷിയെ ലഭിക്കുന്നതോടെ ശോഭ കൊലപാതകക്കേസിന് കൂടുതൽ ബലമേകും.