അമ്മയെ അയാള്‍ കഴുത്തു ഞെരിച്ചു കൊന്നു, പേടിച്ചു കരഞ്ഞപ്പോള്‍ ചായയും പലഹാരവും വാങ്ങിത്തന്നു, ട്രെയിനിന്റെ തറയില്‍ ഞങ്ങളെ കിടത്തി അയാള്‍ സ്ഥലംവിട്ടു, മഞ്ജുനാഥിനെതിരേ നിര്‍ണായക മൊഴിയുമായി ആറു വയസുകാരന്‍

ARYANകണ്ണൂര്‍ ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മൂത്തമകന്‍ ആറ് വയസുകാരന്‍ ആര്യന്‍ കോടതിയില്‍ രഹസ്യസാക്ഷ്യമൊഴി നല്‍കി. സിആര്‍പിസി 164 പ്രകാരം തലശേരി സിജെഎം കോടതിയില്‍ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ശോഭയുടെ കൊലപാതകത്തിന് നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസ് കോടതിയില്‍ തെളിയിക്കാന്‍ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം  പറയുന്നത്. കേസന്വേഷിച്ചിരുന്ന  പേരാവൂര്‍  സിഐ സുനില്‍കുമാറിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിസാക്ഷി മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത് താന്‍ കണ്ടുവെന്നും താനും  സഹോദരി അമൃതയും  ഉറക്കത്തിലായിരുന്നുവെന്നും ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മാതാവ് ശോഭയെ കഴുത്ത്  ഞെരിക്കുന്നതും ബോധം നഷ്ടപ്പെട്ടപ്പോള്‍ മഞ്ജുനാഥ് നാടോടികള്‍ താമസിച്ചിരുന്ന കൂടാരത്തിന് പുറത്തേക്ക് തന്‍റെ അമ്മയെ എടുത്ത് കൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് സുപ്രധാന മൊഴി.

സംഭവം കണ്ട്  നിലവിളിച്ച ആര്യനെ  കരയേണ്ടന്ന് പറഞ്ഞ് മഞ്ജുനാഥ് സമാധാനിപ്പിച്ചുവെന്നും  ഉടന്‍ തന്നെ ആര്യനെയും  ഉറങ്ങുകയായിരുന്ന അമൃതയെയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ്സ്റ്റാന്‍ഡിലേക്ക് പോയെന്നും അവിടെ നിന്ന് ചായയും പലഹാരവും വാങ്ങി നല്‍കിയതായും മൊഴിയില്‍ പറയുന്നു. തുടര്‍ന്ന്  ആദ്യം മൈസൂരിവിലേക്കും പിന്നീട് ബംഗളരുവിലേക്കും പോയതായും  ബംഗളരുവില്‍ നിന്നും മുംബൈ ട്രെയിനില്‍ കയറ്റിയ കുട്ടികളെ ഒരു തുണിവിരിച്ച് ട്രെയിനിന്റെ പ്ലാറ്റ് ഫോമില്‍  കിടത്തിയെന്നും ട്രെയിന്‍ വിട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വരാമെന്നും വരുന്നത് വരെ അവിടെ തന്നെ കിടക്കണമെന്ന് പറഞ്ഞ് മഞ്ജുനാഥ് ട്രയിനില്‍ നിന്നും ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നുവെന്നാണ് ആര്യന്‍റെ മൊഴി.

സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്‌സാക്ഷി മൊഴി കേസ്  കോടതിയില്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. ഇതുകൊണ്ടാണ് ഇപ്പോള്‍ തന്നെ ആര്യനെകൊണ്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിച്ചത്. മുബൈയില്‍ നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമതിയുടെ  ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്. പേരാവൂര്‍ സിഐ സുനില്‍കുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒന്നരമാസമായി ഇരിട്ടിയില്‍ സിഐ കസേരയൊഴിഞ്ഞ് കിടക്കുന്നതിനാല്‍ ഇനി  കുറ്റപത്രം നല്‍കുന്നത് മട്ടന്നൂര്‍ സിഐ ഷജു ജോസഫായിരിക്കും.

Related posts