ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖിന്റെ മകന് ആര്യന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെയാകെ ഞെട്ടിച്ചുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.
ആര്യന് ഖാന് നാല് വര്‍ഷത്തോളമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ വെളിപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന് ഖാന് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന് ഖാന് ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.
ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മൂണ്‍മൂണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.
കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്.
എന്നാല്‍ ആര്യന് ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്കാന് എന്‍.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തേക്കും. പ്രതികള്‍ക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഇതിനിടെ ആര്യന്റെ കണ്ണട കെയ്സില് നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എന്‍സിബി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.യുവതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍നിന്നും മരുന്ന് പെട്ടികളില്‍നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
13 ഗ്രാം കൊക്കെയ്നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍സിബി കോടതിയെ അറിയിച്ചു.
ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു. ആര്യന് ഖാനാണ് കേസിലെ ഒന്നാം പ്രതി.
ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ രേഖപ്പെടുത്തിയത്.
ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്ര’യ്ക്കായി പുറപ്പെട്ട കോര്‍ഡീലിയ ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്.
കപ്പലില്‍ നിരോധിത മയക്കുമരുന്നുകള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു.
കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് ലഹരിപ്പാര്‍ട്ടി ആരംഭിച്ചത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ 13 പേരാണ് പിടിയിലായത്.
കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു. കപ്പലില്‍ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്.
ആര്യന്ഖാന് പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്കകം സൂപ്പര്‍താരം സല്മാന്ഖാന് ഷാരൂഖിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.