ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിയുവതി ശോഭയുടെ കൊലപാതകത്തിന് മൂത്ത മകന് ആര്യന് ഏകദൃക്സാക്ഷി. സാക്ഷിമൊഴി സിആര്‍പിസി 164 പ്രകാരം 29ന് തലശേരി സിജെഎം കോടതിയില്‍ രേഖപ്പെടുത്തിയേക്കും. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ പി. സുനില്‍കുമാര്‍ നല്കി. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നതാണ് ആറുവയസുകാരന് ആര്യന് കണ്ടത്.
താനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നുവെന്നും ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ അമ്മയെ മഞ്ജുനാഥ് കഴുത്തു ഞെരിക്കുന്നതും ബോധം നഷ്ടപ്പെട്ടപ്പോള്‍ തങ്ങൾ താമസിച്ചിരുന്ന കുടിലിനു പുറത്തേക്ക് എടുത്തുകൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് ആര്യന്റെ സുപ്രധാന മൊഴി.
സംഭവം കണ്ട് നിലവിളിച്ച ആര്യനെ കരയേണ്ടെന്നു പറഞ്ഞ് മഞ്ജുനാഥ് സമാധാനിപ്പിച്ചു. ഉടന്‍ തന്നെ ആര്യനെയും ഉറങ്ങുകയായിരുന്ന അമൃതയെയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെനിന്ന് ചായയും പലഹാരവും വാങ്ങിനല്‍കി. തുടര്‍ന്ന് ആദ്യം മൈസൂരുവിലേക്കും പിന്നീട് ബംഗളൂരുവിലേക്കും പോയി. ബംഗളൂരുവില്‍നിന്നും മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറ്റിയ കുട്ടികളെ തുണിവിരിച്ച് ഇടനാഴിയിൽ കിടത്തി.
ട്രെയിൻ വിട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വരാമെന്നും വരുന്നതുവരെ അവിടെത്തന്നെ കിടക്കണമെന്നും പറഞ്ഞ് മഞ്ജുനാഥ് ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നുവെന്നും ആര്യന്റെ മൊഴിയിലുണ്ട്. സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്സാക്ഷി മൊഴിയിലൂടെ കേസ് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം. ഇതുകൊണ്ടാണ് ഇപ്പോള്‍ത്തന്നെ മജിസ്ട്രേറ്റിന് മുന്‍പാകെ ആര്യന്റെ മൊഴി എടുക്കുന്നത്.
മുംബൈയില്‍നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്. കുട്ടികള്‍ പോലീസുമായി ഇണങ്ങാത്തതിനാലും മാതാവ് മരിച്ച വിവരം അറിഞ്ഞതിനാലും ആര്യനില്നിന്നും മൊഴി എടുക്കാന്‍ സാധിക്കുമെന്ന് അന്വേഷണസംഘം കരുതിയിരുന്നില്ല. യൂണിഫോമില്ലാതെ പോലീസ് സംഘം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ആര്യന് എല്ലാം തുറന്നുപറയുകയായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാവും കോടതിയില്‍ മൊഴി രേഖപ്പെടുത്തുക.