ആര്യങ്കാവ് : കൊല്ലം ആര്യങ്കാവ് അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് എത്തുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം ആളുകളാണ് ദിനവും ഇതുവഴി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.
പാസുകള്‍ ലഭിച്ചവര്‍ അനുവദിച്ച ദിവസങ്ങള്‍ക്ക് മുമ്പ് എത്തുന്നത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലുരിൽ നിന്നും എത്തിയ 16 അംഗ സംഘത്തില്‍ ഒരാള്‍ക്ക് പാസ് അനുവദിച്ചിരിക്കുന്നത് ബുധനാഴ്ചയാണ്. ഇവരെ കടത്തിവിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇത് ഏറെ നേരം ചെക്ക്പോസ്റ്റില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് അധികൃതര്‍ മുന്‍കൂട്ടിയുള്ള അനുമതി നിഷേധിച്ചത്. ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാലാണ് അധികൃതര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതോടെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സംഘവും നാട്ടിലേക്കുള്ള യാത്ര വൈകിപ്പിച്ചു.
ഇവര്‍ക്ക് ആവശ്യമായ താമസ സൗകര്യം, ഭക്ഷണം എന്നിവ അധികൃതര്‍ ഒരുക്കി നല്കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒരുമിച്ചു നാട്ടിലേക്ക് മടങ്ങുമെന്നാണ് സംഘത്തില്‍ ഉള്ളവര്‍ പറയുന്നത്. ഇതിനിടെ സംഘാംഗങ്ങളിൽ ഒരാള്‍ കുഴഞ്ഞുവീണു.
ഇയാളെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മുതൽ ആറുവരെ 83 വാഹനങ്ങളിലായി 240 പേര് ആര്യങ്കാവ് വഴി കേരളത്തില്‍ എത്തി. ഇതില്‍ റെഡ് സോണില്‍ നിന്നും എത്തിയ പത്ത് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും മറ്റുള്ളവരെ ഗൃഹ നിരീക്ഷണത്തിലേക്ക് മാറ്റി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്നലെ ആര്യങ്കാവ് വഴി കേരളത്തിലേക്ക് എത്തിയത്.