തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തൊഴിലാളി ജോയിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സി. കെ. ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ വികാരഭരിതയായത്.
ഇത്രയേറെ കഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അദ്ദേഹത്തെ ജീവനോടെ കുടുംബത്തിന്റെ മുന്നിൽ കൊണ്ടു നിർത്തണണെന്നായിരുന്നു ആഗ്രഹം. ജീവൻ രക്ഷിക്കാനാവുമെന്ന് അമിത പ്രതീക്ഷ ഉണ്ടായിരുന്നു എന്നും മേയർ പറഞ്ഞു. അതിനാൽ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും മേയർ പറഞ്ഞു.
നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മേയർ വികാരാധീനയായത്. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും എംഎൽഎ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു.