തിരുവനന്തപുരം: മലയാളികളുടെ അഭിമാനവും നിലപാടും ലോകത്തിന് മുന്നിൽ അന്തസോടെ ഉയർത്തി പിടിച്ചിരിക്കുകയാണ് കനി കുസൃതിയും ടീമും എന്ന് തിരുവനന്തപുരം മേയർ അര്യാ രാജേന്ദ്രൻ. കനി കുസൃതി ലോകത്തിന് മുന്നിൽ മലയാളത്തിന്റെ അഭിമാനമായ സ്ത്രീയായി സിനിമയിലൂടെയും നിലപാടിലൂടെയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 77-ാമത് കാന് ഫെസ്റ്റിവലില് കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രം പ്രദർശിപ്പിച്ചതിനു പിന്നാലെയാണ് കനിയെ പുകഴ്ത്തി മേയർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
കനി കുസൃതി തന്റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിലാണ് അഭിമാനം തോന്നിയതെന്ന് ആര്യ പറഞ്ഞു. പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയ്ക്കും അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു എന്നും മേയർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമയാണ് “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്”.
മലയാളികളുടെ അഭിമാനവും നിലപാടും ലോകത്തിന് മുന്നിൽ അന്തസോടെ ഉയർത്തി പിടിച്ചിരിക്കുകയാണ് കനി കുസൃതിയും ടീമും. 77-ാമത് കാന് ഫെസ്റ്റിവലില് കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമയാണ് “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്”. അതിലുമേറെ അഭിമാനം തോന്നിയത് കനി കുസൃതി തന്റെ “തണ്ണിമത്തൻ” ഹാൻഡ് ബാഗിലൂടെ പാലസ്തീന് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിലാണ്.
കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ കണ്ട കൗതുകകരമായ ഒരു ചർച്ച സിനിമയിൽ സ്ത്രീകൾ എവിടെ പോയി എന്നായിരുന്നു.
സ്ത്രീകളുടെ സിനിമ പ്രാതിനിധ്യം ആ മേഖലയിലെ വിദഗ്ധർ ചർച്ച ചെയ്യട്ടെ, പക്ഷെ കനി കുസൃതി ലോകത്തിന് മുന്നിൽ മലയാളത്തിന്റെ അഭിമാനമായ സ്ത്രീയായി സിനിമയിലൂടെയും നിലപാടിലൂടെയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അർഹനായ ശ്രീ സന്തോഷ് ശിവനും, അഭിമാനകരമായ പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയ്ക്കും അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.