തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിന്റെ മാതാവിനൊപ്പം നിൽക്കുന്നു എന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കും.
നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വേർപാടാണ് ജോയിയുടേത്. കുടുബത്തിന്റെ അത്താണിയായിരുന്നു ജോയി. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് ആകുന്നതൊക്കെ ചെയ്യണമെന്നാണ് നഗരസഭ കാണുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൂടാതെ നഗരസഭയുടെ ഭാഗത്ത് നിന്നും അവരെ സഹായിക്കണം എന്ന അഭിപ്രായം കഴിഞ്ഞ ദിവസം ബഹു. മുഖ്യമന്ത്രിയുമായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും നേരിട്ട് കണ്ടപ്പോൾ പങ്ക് വച്ചിരുന്നു.
ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ജോയിയുടെ കുടുംബത്തിന് ഒരു വീട് വച്ച് നൽകുവാനുള്ള നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് സമർപ്പിക്കും. വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ബഹു. പാറശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്.
നടപടികൾ എല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നല്കണമെന്നാണ് വ്യക്തിപരമായി എന്റെയും ആഗ്രഹം. ജോയിയുടെ കുടുംബത്തിന്റെ ദുഃഖവും നഷ്ടവും വളരെ വലുതാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അവർക്കൊപ്പം തന്നെയാണ് നഗരസഭ.