തിരുവനന്തപുരം: ദുരന്തത്തിൽ അമർന്ന വയനാടിന് കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. മന്ത്രിമാരും കലാകാരൻമാരും വ്യവസായ പ്രമുഖരുമൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ സഹായ ഹസ്തവുമായി എത്തുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ രണ്ടുകോടി രൂപയും മേയറുടെ ഒരുമാസത്തെ ഓണറേറിയവും നൽകി. രണ്ടുകോടിരൂപയുടെ ചെക്ക് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വ്യാഴാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തുക നൽകാൻ തീരുമാനിച്ചത്. വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ സെക്രട്ടറി എസ്. ജഹാംഗീർ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.