പാലക്കാട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി. ടി. ബൽറാം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനു കെഎസ്ആർടിസി ബസ് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും മേയറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് മേയർക്കെതിരേ രൂക്ഷ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ, അതും സീബ്ര ലൈനിൽ മനപൂർവം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം.
പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു മുന്നിൽ കുറുകെ നിർത്തി. തുടർന്നു കാറിൽ നിന്നിറങ്ങിയ മേയർ ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. നാട്ടുകാർ കൂടി ഇടപ്പെട്ടതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.