മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്നു കണ്ടെത്തിയ കേസിനു രാഷ്ട്രീയനിറം പകർന്ന് എൻസിപി നേതാവിന്റെ രംഗപ്രവേശം.
കേസിൽ ആദ്യം അറസ്റ്റിലായ ബിജെപി നേതാവിന്റെ ബന്ധുവിനെ വിട്ടയച്ചുവെന്നാണ് എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ആരോപണം.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 11 പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ മൂന്നു പേരെ മണിക്കൂറുകൾക്കകം വിട്ടയച്ചെന്നുമാണ് നവാബ് മാലിക് പറയുന്നത്.
ബിജെപി നേതാവ് മോഹിത് ഭാരതിയയുടെ ഭാര്യാസഹോദരൻ ഋഷഭ് സച്ച്ദേവിനെയാണ് വിട്ടയച്ചത്.
ഇതോടൊപ്പം പ്രതീക് ഗാബ, ആമിർ ഫർണിച്ചർവാല എന്നിവരെയും കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനകം എൻസിബി വിട്ടയച്ചുവെന്ന് നവാബ് മാലിക് ആരോപിച്ചു.
കേസിൽ ആര്യനെ ബോധപൂർവം കുടുക്കിയതാണ്. ബിജെപി നേതാക്കളാണ് ഇതിനു പിന്നിൽ. ആര്യനിൽനിന്ന് എൻസിബിക്ക് ഒന്നും കണ്ടെത്താനായില്ല എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും നവാബ് മാലിക് പറഞ്ഞു.
റെയ്ഡിനു നേതൃത്വം നൽകിയ എൻസിബി തലവൻ സമീർ വാങ്കഡെയെ നിരീക്ഷിക്കണമെന്നും ഫോൺ രേഖകൾ പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
അതേസമയം നവാബ് മാലിക്കിനെതിരേ നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മോഹിത് ഭാരതി പറഞ്ഞു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി.
ബാന്ദ്രയിലെ വസതിയിലും ഓഫീസിലുമാണ് എൻബിസി മുംബൈ സോണൽ യൂണിറ്റ് പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.