രാജ്യത്ത് കോവിഡിന്റെ ഭീഷണി കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത ആരും തള്ളിക്കളയുന്നുമില്ല.
രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത്.
രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമോയെന്ന ഭീതിയും ഈ റിപ്പോര്‍ട്ടിനു പിന്നാലെ വ്യാപിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നും ആശങ്കകളുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.
എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ പശ്ചാത്തലത്തില്‍ മറ്റൊരു പോംവഴികള്‍ ഇല്ലാതെയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.