ചക്ക അത്ര നിസ്സാരപുള്ളിയല്ലെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാമെന്ന വസ്തുത ഏവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഓസ്ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍.
ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്.
ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍.
ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു.
ഈ കപ്പാസിറ്ററുകള്‍ വഴി അതിവേഗ ചാര്‍ജ് മാറ്റവും സാധ്യമാണ്. അതിനാല്‍ തന്നെ മൊബൈലും ലാപ്‌ടോപ്പുമൊക്കെ അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും.
സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്ന് ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നു.
ജൈവ അവശിഷ്ടങ്ങളില്‍നിന്ന് ലളിതവും രാസമുക്തവുമായ ഹരിതമാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ്റോജെല്‍ കപ്പാസിറ്റര്‍ പരിസ്ഥിതി സൗഹൃദവുമാണ്.
ശേഷി കൂടുതലും നിര്‍മാണച്ചെലവ് കുറവുമെന്നാണ് ഗവേഷകന്‍ അവകാശപ്പെടുന്നത്. ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
എന്തായാലും ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള വസ്തുക്കളില്‍ ഒന്നായി മാറിയ ചക്കയുടെ ഡിമാന്‍ഡ് ഉടനൊന്നും കുറയില്ലെന്നു ചുരുക്കം.