കട്ടപ്പന: കിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം വകുപ്പിന്റെ മന്ത്രിയായതെന്ന് എ.കെ. ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ശത്രുക്കളാണെന്ന ധാരണ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിൽ നടന്ന വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ചർച്ചയിലൂടെ പരിഹരിക്കാനുമാണ് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വന സൗഹൃദ സദസ് സംഘടിപ്പിച്ചത്.
ഉടുമ്പൻചോല , ഇടുക്കി, തൊടുപുഴ താലൂക്കുകൾക്കായാണ് കട്ടപ്പന ടൗൺ ഹാളിൽ സദസ് സംഘടിപ്പിച്ചത്.നട്ടുനനച്ച് വളർത്തിയ മരങ്ങൾ കർഷകന് മുറിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും.
ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തുമെന്നും വനം മന്ത്രി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, എം.എം. മണി എം എൽഎ എന്നിവർ പ്രസംഗിച്ചു.
കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്ത വാഴവര കണ്ടത്തിൽ ജോൺ ദേവസ്യക്ക് ഉൾപ്പെടെ നിരവധി ആളുകൾക്ക് യോഗത്തിൽ നഷ്ടപരിഹാരത്തുക മന്ത്രി കൈമാറി. സദസിനു മുന്നോടിയായി പഞ്ചായത്ത് പ്രതിനിധികളുമായി മന്ത്രി പ്രത്യേക ചർച്ചകൾ നടത്തി.
ഡീൻ കുര്യാക്കോസ് എം.പി , എം.എം.മണി എംഎൽഎ, നഗരസഭാധ്യക്ഷ ഷൈനി സണ്ണി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.എസ്.അരുൺ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.