ദമാസ്കസ്: സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ വിശ്വസ്തർ സർക്കാർ സേനയ്ക്കെതിരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന സൈനികർ നടത്തിയ പ്രത്യാക്രമണങ്ങളിലാണു നിരവധി ആളുകൾ കൊല്ലപ്പെട്ടത്. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കനത്ത ആക്രമണമാണ് സൈന്യം നടത്തിയത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ഡിസംബർ ആദ്യം ഇസ്ലാമിക് ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
പോരാട്ടം ആരംഭിച്ചതിനുശേഷം 200ലേറെ പേർ കൊല്ലപ്പെട്ടു. യഥാർഥ കണക്ക് ഇതിലുമേറെയാണെന്നു പുറത്തുവരുന്ന വിവരം. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.