ചാത്തന്നൂർ: മത്സ്യകൃഷി വികസന ഏജൻസിയുടെ സഹായത്തോടെ മത്സൃ കൃഷിക്ക് ഇറങ്ങി തിരിച്ചവർ ദുരിതത്തിലായി.
മീൻ വാങ്ങാൻ ആരും തയാറാകുന്നില്ല. കുളത്തിൽ നിന്നും പിടിച്ച മീൻ നശിപ്പിച്ചു കളയാൻ മനസനുവദിക്കാത്തതിനാൽ വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടി വന്നു.
ചാത്തന്നൂർ സ്വദേശി കനിവ് രാജീവും സുഹൃത്ത് കിഷോറും ചേർന്നാണ് മത്സ്യകൃഷി തുടങ്ങിയത്. ഭാരിച്ച തുക ബാങ്ക് വായ്പ എടുത്താണ് മൂലധന നിക്ഷേപം നടത്തിയത്.
വീട്ടുമുറ്റത്ത് പടുതങ്ങളും നിർമ്മിച്ചു. മത്സ്യകൃഷി വികസന ഏജൻസി ആസാം വാളകുഞ്ഞുങ്ങളെയാണ് നല്കിയത്.
വിളവെടുക്കാറായപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ മുഖേനയും മറ്റും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി. പ്രതികരണം ആശാവഹമായിരുന്നില്ല.
കുളത്തിൽ നിന്നും മീൻ പിടിച്ച് വാഹനത്തിൽ ചാത്തന്നൂർ ടൗണിൽ എത്തിച്ചു. ഒരു പകൽ മുഴുവൻ ശ്രമിച്ചിട്ടും ഒരു മീൻ പോലും ആരും വാങ്ങിയില്ല.
ആസാം വാള എന്ന് കേൾക്കുമ്പോൾ തന്നെ തിരിച്ചു നടക്കും.വൈകുന്നേരമായതോടെ വഴിയെ പോയവർക്ക് സൗജന്യമായി മീൻ നല്കി. ഒന്നേകാൽ ലക്ഷത്തോളമാണ് മീൻ വില്പന നടക്കാത്തതിനാൽ നഷ്ടപ്പെട്ടത്.
ആസാം വാള ആർക്കും വേണ്ട. പിന്നെന്തിന് ഇത് മത്സ്യകൃഷി സംരംഭകർക്ക് നല്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം.
വളർത്തി എടുക്കുന്ന മീൻ ഏറ്റെടുക്കാനും വില്പന നടത്താനും, കർഷകർക്ക് നഷ്ടം വരാതെ സഹായിക്കാനും മത്സ്യ ഫെഡ് പോലെയുള്ള ഏജൻസികളും ഫിഷ റീസ് വകുപ്പും തയാറാകണമെന്നാണ് മത്സ്യകർഷകരുടെ ആവശ്യം.