ഗോഹട്ടി: ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് നടന്ന് പോയ യുവതി പീഡനത്തിന് ഇരയായി.
ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് രാത്രിയിൽ മകൾക്കൊപ്പം നടന്ന് പോയ തോട്ടം തൊഴിലാളിയായ യുവതിയെയാണ് രണ്ടു പേർ പീഡിപ്പിച്ചത്.
യുവതിയെ യുവാക്കൾ തെയിലത്തോട്ടത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മേയ് 27നാണ് സംഭവം നടന്നത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ വീട്ടിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് എല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവതിയെയും ഭർത്താവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് ശേഷം രോഗം ഭേദമായതിനെ തുടർന്ന് യുവതിയോട് വീട്ടിലേക്ക് മടങ്ങാൻ ആശുപത്രി അധികൃതർ നിർദേശിച്ചു.
ആംബുലൻസിൽ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രി അധികൃതർ ആവശ്യം നിഷേധിച്ചു. ഉച്ചകഴിഞ്ഞ് 2.30നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.
പ്രദേശത്ത് കോവിഡ് കർഫ്യു നിലനിൽക്കുന്ന സാഹചര്യത്തിൽ രാത്രി ആശുപത്രിയിൽ തങ്ങിക്കോട്ടെയെന്ന് ചോദിച്ചുവെങ്കിലും അതും അധികൃതർ അനുവദിച്ചില്ല.
തുടർന്ന് യുവതിയും മകളും രാത്രിയോടെ 25 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. വഴി മധ്യേയാണ് രണ്ട് യുവാക്കൾ യുവതിയെ തട്ടിക്കൊണ്ടുപോയത്.
ഇവരുടെ കൈയിൽ നിന്നും രക്ഷപെട്ട മകളാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം യുവതിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.