മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മയേയും കാമുകനെയും റിമാൻഡ് ചെയ്തു.
ആസാം സ്വദേശികളായ പ്രിയങ്ക ബോറ ഇവരുടെ കാമുകനായ രൂപ് റോത്തി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു.
ഇരുവരും മൂവാറ്റുപുഴയിലെ റൈസ് മില്ലിൽ ജോലി ചെയ്തു വരികയാണ്. കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ ആസാമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് 3,000 രൂപയും ഇവർ വാങ്ങിയിരുന്നു. കുട്ടി ഇപ്പോൾ കളമശേരിയിലെ ബാലഭവനിൽ കഴിയുകയാണ്.
സമൂഹമാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയാണ് ഇരുവരേയും പോലീസിൽ ഏൽപിച്ചത്.