ഗോഹട്ടി: വ്യാജമദ്യം വിറ്റെന്നാരോപിച്ച് സ്ത്രീയെ നാട്ടുകാർ ചേർന്നു മർദിച്ച് തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി തേച്ചു. ആസാമിലെ കരിംഗഞ്ച് ജില്ലയിൽ ഈ മാസം പത്തിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 19 ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ത്രീയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം അവരെ നഗ്നയാക്കി മർദിക്കുകയായിരുന്നു.
ആക്രമണം നടത്തുന്നവരിൽ കൂടുതൽ പേരും സ്ത്രീകളാണാണെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. ആസാം-മിസോറാം അതിർത്തിയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തിനിരയായ സ്ത്രീ കരിംഗഞ്ച് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്പാകെ പരാതി നൽകിയെങ്കിലും ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. 19 പേർ അറസ്റ്റിലായെന്നും മുഖ്യപ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ആസാം ഡിജിപി കുലധർ സൈക്കിയ പറഞ്ഞു.