തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങുന്നു.
മണിക്കൂറിൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. അസാനി കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും.
ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മദ്ധ്യകേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത. നാളെ രാവിലെ വരെ കേരളത്തിൽ സാമാന്യം വ്യാപകമായി മഴ പെയ്യും.
ചൊവ്വാഴ്ചയ്ക്ക് ശേഷം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറയും. പിന്നീട് വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങി ദുർബലമാകും.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിയ്ക്കുമെന്നും ശക്തമായ മഴയുണ്ടാകും എന്നുമാണ് മുന്നറിയിപ്പ്.
മെയ് 10, മെയ് 12 തീയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങളും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.