ജോധ്പൂര്‍: തന്നെ കഴുതയെന്നു വിളിച്ചോളൂ എന്ന് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പു. ഗുര്‍മീത് റാം റഹീം സിങ്ങും രാംപാലും ആശാറാം ബാപ്പുവും വ്യാജ സന്യാസിമാരാണെന്ന് അഖില്‍ ഭാരതീയ അഖാര പരിഷത്ത് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ ഒരു പത്രപ്രവര്ത്തകന് ചോദിച്ച ചോദ്യമാണ് ബാപ്പുവിനെ ചൊടിപ്പിച്ചത്. സാധു, സന്യാസി എന്നീ ഗണത്തില്‍ താങ്കള്‍ ഉള്‍പ്പെടില്ലെന്ന് പരിഷത്ത് പ്രഖ്യാപിച്ച സ്ഥിതിക്ക് താങ്കളെ ഏത് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ‘കഴുതയുടെ ഗണത്തില്‍’ എന്നാണ് ഈ ചോദ്യത്തിന് ആശാറാം ബാപ്പു രോഷത്തോടെ മറുപടി പറഞ്ഞത്.
കഴിഞ്ഞ ആഴ്ചയാണ് അഖില ഭാരതീയ പരിഷത്ത് വ്യാജ സന്യാസിമാരുടെ പട്ടിക പുറത്തിറക്കിയിത്. വ്യാജ സന്യാസിമാരുടെ പിടിയില്‍ അകപ്പെടുന്ന ഭക്തരെ അതില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിടുന്നതെന്നും 14 അഖാരകളുടെ കൂട്ടായ്മയായ അഖില ഭാരതീയ പരിഷത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ പട്ടികയില്‍ ആശാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായും ഉള്‍പ്പെടുന്നുണ്ട്. പിതാവിന്റെ അനുയായിയായ സ്ത്രീയെ 2002 മുതല്‍ 2005വരെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ ഇപ്പോള്‍ ഗുജറാത്തിലെ ജയിലില്‍ കഴിയുകയാണ്. ഗുര്‍മീത് അകത്തായതോടെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.