നായകളുടെ നിരവധി കഥകള്‍ നാം ദിവസേന കേള്‍ക്കാറുണ്ടല്ലൊ. അവയില്‍ മിക്കവയും നമ്മളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് കേള്‍ക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്ന ലിബി ബൗള്‍സിന്റെ നായയാണ് പിപ്പ്. ബ്രിസ്റ്റോളിലെ ലീ വുഡ്സില്‍ അണ്ണാന്മാരെ പിന്തുടരുന്നതിനിടെ പിപ്പിന് വഴി തെറ്റുകയുണ്ടായി. ഉടമയെ തിരഞ്ഞ് ഈ നായ അവിടെയൊക്കെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ലിബിയും നായയെ തിരഞ്ഞ് നടക്കുകയായിരുന്നു. ഏതായാലും തന്റെ വളര്‍ത്തു നായയെ നഷ്ടപ്പെട്ടെന്ന ദുഃഖത്തോടെ അവര്‍ അവിടെ നിന്ന് അഞ്ച് മൈല്‍ ദൂരെയുള്ള വീട്ടിലേക്ക് യാത്ര തിരിക്കുകയുണ്ടായി.
എന്നാല്‍ പിന്നീടാണ് കേട്ടവരെയൊക്കെ ഞെട്ടിച്ചതും സന്തോഷിപ്പിച്ചതുമായ ആ കാര്യമുണ്ടായത്. അഞ്ച് മൈല്‍ ദൂരത്തിലുള്ള ലിബിയുടെ വീട്ടിലേക്ക് ഈ നായ മണംപിടിച്ച് തിരികെയെത്തുകയുണ്ടായി.
ഏറെ തിരക്കുള്ള നഗരത്തിലൂടെയും വാഹനങ്ങള്ക്കിടയിലൂടെയുമായിരുന്നു പിപ്പിന്റെ ഈ യാത്ര.
ഇംഗ്ലണ്ടിലെ ചരിത്ര പ്രാധാന്യമുള്ള ക്ലിഫ്ടണ്‍ തൂക്കുപാലവും ബ്രിസ്റ്റോളിന്റെ നാഴികക്കല്ലായ വില്‍സ് മെമ്മോറിയല്‍ ബില്‍ഡിംഗും ഒക്കെ താണ്ടിയാണ് പിപ്പ് തിരിച്ചെത്തിയത്.
സാധാരണയായി ഇത്തരത്തില്‍ തിരികെ വരാന്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ നമ്മുടെ പിപ്പ് യജമാനത്തി ലിബി വീടെത്തുന്നതിനും 20 മിനിറ്റ് മുമ്പ് സ്ഥലത്തെത്തി.
പിപ്പിന്റെ ഈ യാത്ര ഇപ്പോള്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. “വണ്ടര്‍ പപ്പി’ എന്നാണ് പിപ്പിനെ ഇപ്പോള്‍ അന്നാട്ടുകാര്‍ വിളിക്കുന്നത്.