മൂവാറ്റുപുഴ പാലത്തിങ്കല്‍ ഹസന്റെയും സൈനബയുടെയും നാലാമത്തെ മകള്‍ അസീനയ്ക്ക് കുഞ്ഞുനാള്‍ മുതലേ പൂക്കളോടും ചെടികളോടുമായിരുന്നു പ്രണയം. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം.
വാപ്പ ഹസന്‍, നാലു പതിറ്റാണ്ടുമുമ്പ് കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബിഎസ്‌സി ബോട്ടണിക്കു ചേര്‍ന്നു. ബിരുദ പഠനം കഴിഞ്ഞ് മതിലകം കാക്കശേരി സുലൈമാന്റെ ഭാര്യയായപ്പോഴും കൃഷിയോടുള്ള പ്രണയം മനസില്‍ കത്തുന്നുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ദുബായിലേക്ക് പറന്നു. അവിടെ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്ലോമ നേടി, തുടര്‍ന്ന് ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. പിന്നീട് 15 വര്‍ഷത്തോളം ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്
മക്കളൊന്നു വലുതായതോടെ ഇരുവരും ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവ് ഹോട്ടലുള്‍പ്പെടെയുള്ള വിവിധതരം ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ അസീന തന്റെ സ്വപ്‌നം പൂവണിയിക്കാന്‍ തുടങ്ങി.
ക്രോട്ടന്‍ ചെടികളുടെ ഒരു വലിയ ശേഖരം ഉള്‍പ്പെടെ ഓര്‍ക്കിഡ്, ബോഗൈന്‍വില്ല, ആന്തൂറിയം, യൂഫോബിയ തുടങ്ങിയവയുടെ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കി. നൂറും അഞ്ഞൂറും ആയിരവും എല്ലാം മുടക്കി ചെടികള്‍ വാങ്ങി നല്‍കുവാന്‍ സുലൈമാനും വലിയ സന്തോഷമായിരുന്നു.
ചെടി വില്പനയ്ക്ക്
വീട്ടില്‍ വരുന്ന ബന്ധുമിത്രാദികളും വിരുന്നുകാരും പരിചയക്കാരുമെല്ലാം ‘ഹായ് നല്ല ഭംഗിയുണ്ട്, ഇതിന്റെ ഒരു ചെടി തര്വോ, അല്ലെങ്കില്‍ ഒരു ഇളപ്പ് തര്വോ’ എന്നു ചോദിക്കും; കൊടുക്കും. പക്ഷേ, പലരും അതുകൊണ്ടുപോയി കുഴിച്ചിടാനോ പരിചരിക്കാനോ മെനക്കെടാതെ വരുമ്പോള്‍ വലിയ സങ്കടം തോന്നും.
അതിനിടെ രണ്ടു സംഭവങ്ങളുണ്ടായി. വീട്ടില്‍വന്ന ഒരു ബന്ധു ഒരിക്കല്‍ ഒരു ഓര്‍ക്കിഡിന്റെ ശാഖ ചോദിച്ചു. തായ്ലന്‍ഡില്‍നിന്നും ഇറക്കുമതി ചെയ്ത ആ ഇനം വലിയ വില കൊടുത്ത് വാങ്ങിയതായിരുന്നു. അതില്‍ ആദ്യമായ് ഉണ്ടായ രണ്ട് ഇളപ്പുകളിലൊന്നു പിഴുതെടുത്ത് ഭദ്രമായി കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് എന്തായെന്നറിയാനുള്ള ആകാംക്ഷയോടെ ഫോണ്‍ വിളിച്ചപ്പോള്‍ ശരിക്കും കരച്ചില്‍ വന്നു.
‘കാറില്‍നിന്നും എടുക്കാന്‍ മറന്നുപോയി. മൂന്നിസം കഴിഞ്ഞ് നോക്കീപ്പോഴേക്കും ഉണങ്ങിത്തുടങ്ങി’. മറ്റൊരവസരത്തിലും സമാനമായ അനുഭവമുണ്ടായി. അവര്‍ കാറീന്നെടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ആ ‘തൈ’ കുഴിച്ചിട്ടിട്ടില്ലായിരുന്നു.
ഞാന്‍ ഇക്കാട് സങ്കടം പറഞ്ഞപ്പൊ, ഇക്ക പറഞ്ഞു: ‘വെറുതെ കൊടുത്തിട്ടാ വിലയില്ലാത്തെ; ചെറിയ ചട്ടീലോ ഗ്ലാസിലോ ആക്കി കൊടുത്താ മറക്കൂല്യ; ഉണങ്ങിപ്പോവൂല്യ ‘ അങ്ങനെയാണ് ചെടി വില്‍ക്കാം എന്ന ചിന്തയുദിച്ചത്. ചെടി വെട്ടിയൊരുക്കുമ്പോഴുണ്ടാകുന്ന ഭാഗങ്ങള്‍ കളയാതെ അതു മറ്റൊരു തൈയായി മാറി.
അനിത മാഡവും ‘ഉദ്യാന ശ്രേഷ്ഠ’ അവാര്‍ഡും
മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിത ശിവരാമന്‍ പൂക്കള്‍ കാണാനും പച്ചക്കറിത്തോട്ടം നിരീക്ഷിക്കാനുമായി ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു. കൃഷിഭവന്റെ എല്ലാവിധ പിന്തുണയും സഹായവും തന്നിരുന്ന മാഡം ഒരിക്കല്‍ പറഞ്ഞു: ‘ഇത്ത, ചെടികളൊക്കെ ഒന്നുകൂടി ഭംഗിയായി ക്രമീകരിക്ക്.
എല്ലാത്തിന്റെയും പേരുകള്‍ ചെടിയുടെമേല്‍ പ്രദര്‍ശിപ്പിക്ക്. ഇത്രമാത്രം വെറൈറ്റി കാക്റ്റസും ബോഗണ്‍ വില്ലയുമൊന്നും ആരുടെ പക്കലും കാണില്ല. നമുക്ക് ഉദ്യാനശ്രേഷ്ഠ അവാര്‍ഡിനൊന്ന് അയയ്ക്കാം’.
മാഡത്തിന്റെ വാക്കുകള്‍ വല്ലാത്തൊരു പ്രചോദനമായി. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാത്തിന്റേയും പേരുകള്‍ ഇന്റര്‍നെറ്റില്‍നിന്നും കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുമെല്ലാം സംഘടിപ്പിച്ചു പ്രദര്‍ശിപ്പിച്ചു. അങ്ങനെയാണു സംസ്ഥാന സര്‍ക്കാരിന്റെ 2011 -ലെ ‘ഉദ്യാന ശ്രേഷ്ഠ’ അവാര്‍ഡിനര്‍ഹയായത്.
ഇത്രമാത്രം ഇനങ്ങളും അവയുടെ പേരും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരിടവും കണ്ടിട്ടില്ലെന്നായിരുന്നു പ്രഗത്ഭരടങ്ങിയ ജൂറിയുടെ വിലയിരുത്തല്‍. ഒരുലക്ഷം രൂപയും നാലുഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.
വര്‍ണവൈവിധ്യങ്ങളുടെ ഉദ്യാനം
ഏവരുടേയും കണ്ണിനു കുളിര്‍മയും മനസിനാനന്ദവും നല്‍കുന്ന വര്‍ണക്കാഴ്ചകളുടെ അദ്ഭുതക്കലവറയാണ് ഈ ഉദ്യാനം. 200ല്‍പരം ഇനങ്ങളില്‍പ്പെട്ട കാക്റ്റസ് (കള്ളിച്ചെടികള്‍), നൂറില്‍പരം വെറൈറ്റികളില്‍ ബോഗൈന്‍ വില്ലകള്‍ (കടലാസു പൂക്കള്‍), 100 ഓളം ഇനം ഓര്‍ക്കിഡുകള്‍, നൂറില്‍പരം അഡീനിയം, 50 ഇനങ്ങളോളം അകത്തളങ്ങളില്‍ വയ്ക്കാവുന്ന ചെടികള്‍ എന്നിങ്ങനെ മൂന്നു പോളി ഹൗസുകളിലായി 5000 – ല്‍പരം ചെടിച്ചട്ടികളും ചെറുതും വലുതുമായ 50,000ല്‍പരം ചെടികളുമാണ് ഇവിടെയുള്ളത്; 25 രൂപ മുതല്‍ 7000 രൂപ വരെ വിലയുള്ളവ.
ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, കാറ്റലിയ, എപ്പിഡെന്‍ഡ്രം, ബൈപൈ, ഫെലനോപ്‌സിസ്, ബാസ്‌കറ്റ് വാന്‍ഡ, ടെറേറ്റ് വാന്‍ഡ, മൊക്കാറ, റണാന്‍ഡ്ര, റിങ്കോ സ്‌റ്റൈലിഷ്, സെലോജിനി തുടങ്ങി ഓര്‍ക്കിഡുകളില്‍ 50 ഓളം വെറൈറ്റികള്‍ തായ്‌ലന്‍ഡില്‍നിന്നും ഇറക്കുമതി ചെയ്തവയാണ്. ബാക്കി ഭൂരിഭാഗവും ബംഗളൂരു, പൂനെ എന്നിവിടങ്ങളില്‍നിന്നും കൊണ്ടുവന്നവ. കള്ളിച്ചെടികളും ബംഗളൂരു, പൂനെ തന്നെയാണ് കൂടുതല്‍. കൂടാതെ, കാട്ടുകള്ളിയില്‍ ഗ്രാഫ്റ്റ് ചെയ്ത അപൂര്‍വയിനങ്ങളുമുണ്ട്.
ബാര്‍ബി ഗേള്‍, ഡാംഗ് ഹുസാഡി, ഹുസാഡി പിങ്ക്, ബീഗം ഫാത്തിമ, റോസാ പുസ്തിനി, ഹാപ്പി ഗോള്‍ഡ്, പര്‍പ്പിള്‍ ട്രിപ്പ്, ഗോള്‍ഡന്‍ കരോര്‍, ബബിള്‍ മര്‍സിഡി, എമിലി ടുടോണ്‍, സാന്റാ ക്ലോസ് തുടങ്ങി നൂറില്‍പരം അഡീനിയം, പ്രിന്‍സ് വൈറ്റ്, റാസ്പ് ബെറി, കലിഫോര്‍ണിയ ഗോള്‍ഡ്, സൂപ്പര്‍സ്റ്റിഷന്‍, റോയല്‍ പര്‍പ്പിള്‍, റാവൂ, സിംഗപ്പൂര്‍ വൈറ്റ്, ടോര്‍ച്ച് ഗ്ലോ, മഹാറാ, ചില്ലി റെഡ് തുടങ്ങി ആദ്യമൊക്കെ, യൂര്‍ഫോബിയ, ആന്തൂറിയം എന്നിവ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോഴില്ല. യൂര്‍ഫോബിയ അര്‍ബുദത്തിനിടയാക്കുമെന്ന അപവാദ പ്രചാരണമാണ് ഉപഭോക്താക്കളെ ഇല്ലാതാക്കിയത്.
ചിട്ടയായ പരിചരണം
ഏതൊരു ജോലിക്കും അതിന്റേതായ കൃത്യനിഷ്ഠയും ആത്മാര്‍ഥതയും സ്ഥിരസമയവും ഉണ്ടാകണമെന്ന പക്ഷക്കാരിയാണ് അസീന. പുലര്‍ച്ചെ നാലിന് അസീനയും സഹായി ജമീലയും എഴുന്നേല്‍ക്കും. അഞ്ചോടെ പ്രഭാതകൃത്യങ്ങളും പ്രാര്‍ഥനയും കഴിഞ്ഞ് അടുക്കളയിലേക്ക്. ഭക്ഷണം തയാറാക്കി ആറേകാലോടെ ഇരുവരും തോട്ടത്തിലേക്ക്.
പിന്നെ എട്ടേകാലോടെ പ്രാതല്‍ കഴിക്കാനായി വീട്ടിലേക്ക് തിരിച്ചുകയറും. ‘ജമീലയ്ക്ക് മോനെ സ്‌കൂളില്‍ അയയ്ക്കണ്ടേ. ആന്ധ്രക്കാരിയായ ജമീലയും മകന്‍ നൂര്‍മുഹമ്മദും 12 വര്‍ഷം മുമ്പാണ് എന്റെ അടുത്തെത്തിയത്. എനിക്കിപ്പോ എല്ലാത്തിനും കൈത്താങ്ങ് അവളാ. മോന്‍ നന്നായി പഠിക്കും. അവനിപ്പോ പ്ലസ്ടുവിലായി’ – അസീന പുഞ്ചിരിയോടെ പറഞ്ഞു.
പ്രാതല്‍ കഴിഞ്ഞ് രാവിലെ ഒമ്പതിന് തിരിച്ചിറങ്ങിയാല്‍ ഒരു പതിനൊന്നരവരെ. പിന്നെ വൈകിട്ട് നാലുമുതല്‍ ആറരവരെ. ഇത്രയുമാണ് ദിവസവും ഇവയുടെ പരിചരണത്തിനായി ഇവരിരുവരും നീക്കിവയ്ക്കുന്ന സമയം. ദിവസവും ചെടികളുടെ അടുത്ത് ചെല്ലണം, ഉണങ്ങിയ ഇല, ചീഞ്ഞതും പഴുത്തതുമായ ഇലകള്‍ എന്നിവ നീക്കം ചെയ്യണം, നനയ്ക്കണം.
ഓര്‍ക്കിഡുകള്‍ക്ക് ആഴ്ചയിലൊരിക്കലും മറ്റു ചെടികള്‍ക്ക് മാസത്തിലൊരിക്കലും വളം ചെയ്യണം. ബാക്കി സമയങ്ങളില്‍ ചെടിച്ചട്ടികള്‍ ഒരുക്കും. വാര്‍ക്കച്ചട്ടികളാണെങ്കില്‍ വൈറ്റ് സിമന്റ് അടിച്ചശേഷമാണു പെയിന്റിംഗ്. മണ്‍ചട്ടികളാണെങ്കില്‍ നേരിട്ടു പെയിന്റ് ചെയ്യാം. മഴക്കാലത്ത് പൂപ്പല്‍ വരില്ലെന്നതാണു പ്രത്യേകത.
സ്ഥിരവരുമാനം, ശുദ്ധമായ അന്തരീക്ഷം
ആരോഗ്യവും സമയവും ഉണ്ടെങ്കില്‍ ഏതു സ്ത്രീക്കും വീട്ടിലിരുന്ന് നല്ല വരുമാനമുണ്ടാക്കാവുന്ന കൃഷിയാണ് പൂ കൃഷിയെന്നാണ് അസീനയുടെ അഭിപ്രായം. 250 രൂപയ്ക്ക് പൂവുള്ള ഒരു ഓര്‍ക്കിഡ് ചെടി വാങ്ങിയാല്‍ ആറുമാസംകൊണ്ട് ഇതില്‍നിന്നും രണ്ട് ഇളപ്പുകളെങ്കിലും ലഭിക്കും.
അതു മറ്റൊരു ചെടിച്ചട്ടിയിലേക്കു മാറ്റിവച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂക്കുകയും അതിനും അടുത്ത ഇളപ്പുകള്‍ ഉണ്ടാകുകയും ചെയ്യും. മാതൃചെടിയില്‍നിന്നും ഇതിനകം നാലോ എട്ടോ ഇളപ്പുകള്‍ ലഭിക്കും. ഇങ്ങനെ ഗുണനക്രമത്തിലാണു വ്യാപനം.
500 രൂപ വിലയുള്ള ഒരു അഡീനിയം ചെടി ഒരു വര്‍ഷത്തിനുള്ളില്‍ വിത്തുല്പാദിപ്പിക്കും. കാളക്കൊമ്പുപോലുള്ള ബീന്‍സ് മോഡല്‍ വിത്തില്‍നിന്നും കുറഞ്ഞത് 120 തൈകളെങ്കിലും ലഭിക്കും. ഇവ പറിച്ചുമാറ്റി കൊച്ചു ഗ്ലാസില്‍ വച്ചുകൊടുത്താല്‍ തന്നെ തൈ ഒന്നിന് 25 രൂപ നിരക്കില്‍ ലഭിക്കും.
കള്ളിച്ചെടികളും ഇങ്ങനെതന്നെ. 2, 4, 8, 16 എന്ന ഗുണനക്രമത്തില്‍ വ്യാപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ 250 രൂപ മുതല്‍മുടക്കുള്ള ചെടിയില്‍നിന്നും നല്ല പരിചരണത്തിലൂടെ ഏറ്റവും കുറഞ്ഞത് 5,000 രൂപയുടെ മൂല്യമുള്ള ചെടികളെങ്കിലും രണ്ടുവര്‍ഷത്തിനകം ലഭിക്കും.
പ്രതിദിനം വരുമാനം ലഭിക്കുമെന്നതിനാല്‍ മടുപ്പ് വരില്ല. ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച നയനമനോഹരം മാത്രമല്ല, ഹൃദയാനന്ദകരവുമാണ്. ഇത്രയും ചെടികള്‍ പുറന്തള്ളുന്ന ഓക്‌സിജന്‍ ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ അസുഖങ്ങളും നന്നേ കുറവാണ്.
കൂടാതെ പോളി ഹൗസ് നിര്‍മിക്കാനും മറ്റും 35 ശതമാനം മുതല്‍ 50 ശതമാനംവരെ സബ്‌സിഡികള്‍ കൃഷിഭവനുകള്‍ നല്‍കുന്നുമുണ്ട്. മരണംവരെ ഈ പൂക്കളെ പിരിയരുതെന്നാണ് രണ്ടു ദശാബ്ദമായി പൂകൃഷി നടത്തുന്ന ഇവരുടെ സ്വപ്‌നം.ഫോണ്‍: അസീന-9349318417, 0480-2844817.
സെബി മാളിയേക്കല്‍
9497719564.