2008ൽ മിസ് സിനലോവ കിരീടവും തുടർന്നു മിസ് മെക്സിക്കോ പട്ടവും നേടിയ സുന്ദരിയായിരുന്നു ലോറ സുനിഗ. എന്നാൽ, കൃത്യം രണ്ടു മാസത്തിനു ശേഷം ഡിസംബർ 22ന് ലോറയെ പോലീസ് അറസ്റ്റ് ചെയ്തു.
53,000 യുഎസ് ഡോളർ, രണ്ട് എആർ -15 റൈഫിളുകൾ, മൂന്ന് കൈത്തോക്കുകൾ, വ്യത്യസ്ത കാലിബറുകളുടെ 633 വെടിയുണ്ടകൾ, 16 സെൽഫോണുകൾ എന്നിവ ലോറ അടങ്ങുന്ന ഏഴംഗ സംഘത്തിൽനിന്നു പോലീസ് കണ്ടെടുത്തു.
സപ്പോപൻ, മെക്സിക്കൻ ആർമി ഓഫീസർമാർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഷോപ്പിംഗിനു പോയതോ?
പിടിയിലായപ്പോൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ ലോറ ആദ്യം പറഞ്ഞതു താൻ ഗ്വാഡലജാറയിലെ ഒരു പാർട്ടിക്കു പോകുകയാണെന്നായിരുന്നു.
ഇതിന്റെ നിജസ്ഥിതി പോലീസ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ കാമുകനുമായി കൊളംബിയ, ബൊളീവിയ എന്നിവിടങ്ങളിൽ ഷോപ്പിംഗിനു പോകാനിറങ്ങിയതാണെന്നും പറഞ്ഞു.
എന്നാൽ, ഒരു റേഡിയോ അഭിമുഖത്തിൽ കാമുകനായ ഏഞ്ചൽ ഒർലാൻഡോ ഗാർസിയ ഉർക്വിസ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു ലോറ പിന്നീടു വെളിപ്പെടുത്തി.
ഏതെങ്കിലും ക്രിമിനൽ പ്രവർത്തനവുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്നു 40 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2009 ജനുവരി 30ന് ലോറ ജയിൽ മോചിതയായി.
2011ൽ നിരൂപക പ്രശംസ നേടിയ സിനിമ മിസ് ബാല അഥവാ മിസ് ബുള്ളറ്റ് ലോറ സുനിഗയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ജയിൽ മോചിതയായെങ്കിലും ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ടതിനാൽ മിസ് മെക്സിക്കോ ഇന്റർനാഷണൽ പദവി ലോറ സുനിഗയിൽനിന്നു തിരിച്ചെടുത്തു.
പകരം അന്നു രണ്ടാം സ്ഥാനത്ത് എത്തിയ അനഗബ്രിയേല എസ്പിനോസയ്ക്കു കിരീടം നൽകുകയും ചെയ്തു.
കാർമെൻ ലിസറാഗോ
സുന്ദരമായൊരു ജീവിതം സ്വപ്നംകണ്ടു മോഡലിംഗിലേക്ക് ഇറങ്ങിയ പെൺകുട്ടിയായിരുന്നു കാർമെൻ ലിസറാഗോ. മോഡലിംഗിൽ തിളങ്ങിയ ലിസറാഗോ 1990ൽ മിസ് സിനലോവയായി തെരഞ്ഞെടുക്കപ്പെട്ടു.
കിരീടധാരണത്തിൽ വലിയ ആഹ്ലാദം തോന്നിയെങ്കിലും അവളെ പക്ഷേ, കാത്തിരുന്നത് അത്ര സുന്ദരമായ കാര്യങ്ങളൊന്നും ആയിരുന്നില്ല.
അലങ്കാരമെന്നു കരുതിയ സുന്ദരിപ്പട്ടം വിനയായി മാറുന്നതാണ്പിന്നീടു കണ്ടത്. ആ കിരീടധാരണം അവളുടെ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കുന്ന ഒന്നായി മാറി.
സൗന്ദര്യ റാണിയായ കാർമെനെ, ടിജുവാന മാഫിയ കാർട്ടലിന്റെ സ്ഥാപകൻ ഫ്രാൻസിസ്കോ റാഫേൽ ഫെലിക്സിന് വലിയ ഇഷ്ടമായി.
അവളെ സ്വന്തമാക്കാൻ അയാൾ നിശ്ചയിച്ചു. തന്റെ ഇഷ്ടം അയാൾ കാർമെനെ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇതിനകം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരുന്നതിനാൽ കാർമെൻ ഫെലിക്സിന്റെ ഇഷ്ടം നിരസിച്ചു. എന്നാൽ, ഇതിനവൾ വലിയ വില കൊടുക്കേണ്ടി വന്നു.
(തുടരും)