കൊച്ചി: മയക്കുമരുന്നുകളുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികൾ ഇടപാടിനായി ആളുകളെ കണ്ടെത്തിയിരുന്നത് ഓൺലൈനിലൂടെയാണ്.
വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലുടെ ആളെ കണ്ടെത്തുകയും തുടർന്ന് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുകയുമാണ് ചെയ്തിരുന്നത്.
പണം വാങ്ങിയിരുന്നതാകട്ടെ ഗൂഗിൾ പേ വഴിയും. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മൂന്നിരിട്ടി വിലയിലായിരുന്നു മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നതെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നും എക്സൈസിന് വിവരങ്ങള്‍ ലഭിച്ചു.
കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച സുസുക്കി ജിക്സര്‍ ബൈക്ക് പിടികൂടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പച്ചക്കറി വാഹനങ്ങളുടെയും കണ്ടെയ്നര്‍ ലോറികളുടെയും മറവിലാണു കേരളത്തില്‍ കഞ്ചാവ് പോലുള്ള മയക്കു മരുന്നുകള്‍ ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
ആഴ്ചകളായി എക്സൈസ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗത്ത് മുറികള്‍ എടുത്തായിരുന്നു പ്രതികള്‍ മയക്ക് മരുന്ന് വ്യാപരം നടത്തിവന്നിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കോട്ടയം എരുമേലി ഒലിക്കപ്പാറയില് അഷ്കര്‍ (23), പത്തനംതിട്ട പന്തളം മുറിയൂര്‍ റിന്‍ഷാ മന്‍സിലില്‍ ഷാമോന് (25) എന്നിവരെ 1.117 കിലോഗ്രാം കഞ്ചാവുമായും കണ്ണൂര്‍ മുഴപ്പിലങ്ങാട് എന്‍.എന്‍. വടംദേശത്ത് മറിയാത്ത് വീട്ടില്‍ മുഹമ്മദ് റിഹാന് (26) 10 ഗ്രാം ഹാഷിഷ് ഓയിലുമായാണു പിടിയിലായത്.
കഞ്ചാവ് വിറ്റ് കിട്ടുന്ന പണം ആര്‍ഭാട ജീവിതം നയിക്കുവാനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി. മയക്ക് മരുന്ന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിച്ചതില്‍ കണ്ണൂരിലുള്ള വന്‍ മയക്ക് മരുന്ന് റാക്കറ്റുളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്നും എറണാകുളം എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍. ഷിബു അറിയിച്ചു.
ഇടപ്പള്ളി, കാക്കനാട് പ്രദേശങ്ങള്‍ മയക്കുമരുന്ന് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മറ്റുള്ള ജില്ലകളില്‍നിന്നും യുവാക്കള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുറികള്‍ എടുത്ത് താമസിച്ചാണു മയക്ക് മരുന്നുകള്‍ വില്‍പ്പന നടത്തി വരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
വെറ്റില ഹബ്ബ്, പാലാരിവട്ടം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് ബലപ്രയോഗത്തിലൂടെയാണു വിവിധയിടങ്ങളില്‍നിന്നായി പ്രതികളെ കുടുക്കിയത്.
10 മില്ലി ഗ്രാം ഹാഷിഷ് ഓയിലിന് 10,000 രൂപ മുതല്‍ 15,000 രൂപ നിരക്കിലാണു വാങ്ങിയിരുന്നത്. 100 ഗ്രാം കഞ്ചാവ് 10,000 രൂപ നിരക്കിലാണു വില്പന നടത്തിവരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എക്സ്. റൂബന്‍, കെ.സി. രതീഷ്, അക്ബര്‍ഷാ, ജിതിന് ജയഘോഷ്, വനിത സിഇഒ സജിത, ഡ്രൈവര്‍ അനീഷ്കുമാര്‍ എന്നിവരും അറസ്റ്റില്‍ പങ്കെടുത്തു.