പെരുമ്പാവൂർ: വ്യാജ ആർസി നിർമിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ. കൊടികുത്തുമല സ്വദേശി കക്കാട്ടിൽ അസ്ഗർ(30) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ആലുവ സ്വദേശിയിൽനിന്ന് താത്കാലികമായി ഉപയോഗിക്കാൻ വാങ്ങിയ ഇന്നോവ കാറിന്റെ ആർസി ബുക്ക് വ്യാജമായി നിർമിച്ച് ഇരുമലപ്പടി സ്വദേശിക്കു വില്പന നടത്തി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്.
വാഹനം തിരികെലഭിക്കാത്തതിനെത്തുടർന്ന് ഉടമസ്ഥൻ പെരുമ്പാവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബി ടെക് ബിരുദധാരിയായ പ്രതി ഹോട്ടൽ ബിസിനസും നടത്തുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.